തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. സുഹൃത്ത് പ്രവീൺ കരുതിക്കൂട്ടിത്തന്നെയാണ് കൊലനടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഗായത്രിയെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ശനിയാഴ്ച രാവിലെ തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത ശേഷം, കാട്ടാക്കടയിൽ പോയാണ് ഇരുചക്രവാഹനത്തിൽ ഗായത്രിയെ കൂട്ടിക്കൊണ്ടുവന്നത്. തമിഴ്നാട് തിരുവണ്ണാമലയിലെ ജൂവലറിയിലേക്കു സ്ഥലംമാറി പോകുന്നതിനു മുൻപ് പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനാണ് വിളിച്ചുവരുത്തിയതെന്നാണ് പ്രവീൺ പറയുന്നത്. എന്നാൽ തന്നെയും ഒപ്പം കൊണ്ടുപോകണമെന്ന് ഗായത്രി നിർബന്ധംപിടിക്കുകയായിരുന്നു. ഭാര്യയുമായി വീണ്ടും അടുക്കാൻ ശ്രമം നടത്തിവന്ന പ്രവീൺ അതിനു തയ്യാറായില്ല.
തുടർന്ന് ഗായത്രി ആത്മഹത്യാശ്രമം നടത്തിയതായും ഇയാളുടെ മൊഴിയിലുണ്ട്. വിവാഹചിത്രം ഉൾപ്പെടെയുള്ളവ വാട്സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് കൊലപ്പെടുത്തിയെന്നുമാണ് പ്രവീണിന്റെ മൊഴി. ഒപ്പം ജീവിക്കാൻ ഗായത്രി നിർബന്ധംപിടിക്കുകയാണെങ്കിൽ കൊലപ്പെടുത്താനും തുടർന്ന് ആത്മഹത്യയാക്കി മാറ്റാനുമാണ് ഇയാൾ ലക്ഷ്യമിട്ടതെന്നാണ് പോലീസ് കരുതുന്നത്. കൊലപ്പെടുത്തിയ ശേഷം മരണം ആത്മഹത്യയാക്കാനുള്ള തന്ത്രങ്ങളാണ് പ്രവീൺ സ്വീകരിച്ചത്. അഞ്ചരയ്ക്ക് ഹോട്ടൽമുറി പൂട്ടി പോയ പ്രവീൺ, ഗായത്രിയുടെ ഫോണും എടുത്തിരുന്നു. ഗായത്രിയുടെ ഫോണിൽനിന്നുതന്നെ അവരുടെ ഫെയ്സ്ബുക്കിൽ കയറി വാട്സാപ്പ് സ്റ്റാറ്റസിൽ പങ്കുവെച്ച ഫോട്ടോകൾ രാത്രി ഏഴുമണിയോടെ ‘ലവ് യു’ എന്ന തലക്കെട്ടോടെ പ്രവീൺ ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. താനുമായി പിണങ്ങി ഗായത്രി ആത്മഹത്യചെയ്തുവെന്ന് വരുത്താനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിൽ. പ്രവീണിന്റെ ഭാര്യയെയും തമ്പാനൂർ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു. പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം കൂടി കേസെടുത്തതോടെ കൊലപാതക കേസ് അന്വേഷണച്ചുമതല ഫോർട്ട് എ.സി. ഷാജിക്കു നൽകി. പ്രവീണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.