ദില്ലി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ നടപടിക്രമങ്ങൾ തന്നെ ഒരു ശിക്ഷയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. തുടക്കത്തിലുള്ള അറസ്റ്റുകളിലും ജാമ്യം ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളിലും വിചാരണകൾ നീണ്ടുപോകുന്നതിലും അടിയന്തര ശ്രദ്ധ പുലർത്തണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.കൂടാതെ കോടതികളിലെ ഒഴിവുകൾ നികത്താത്തതും നിയമ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാത്തതുമാണ് കേസുകൾ കെട്ടികിടക്കാൻ കാരണമെന്ന് എൻ വി രമണ വ്യക്തമാക്കി.
ഈ കാര്യങ്ങളിൽ സർക്കാർ ഇടപെടൽ ആഭ്യർത്ഥിച്ചതാണ്. എന്നാൽ സർക്കാർ ഇക്കാര്യം ഏറ്റെടുത്തിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ഓൾ ഇന്ത്യ ലീഗൽ സർവീസ് മീറ്റിലെ അഭിസംബോധനയിൽ വ്യക്തമാക്കി. കോടതികളിൽ കേസുകൾ കെട്ടികിടക്കുന്നതിനെ കുറിച്ചുള്ള കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജിജുവിന്‍റെ പരാമർശത്തിന് കൂടി മറുപടിയാണ് എൻ വി രമണയുടെ പ്രസ്താവന.