കൊല്ലം : കൊല്ലം ജില്ലയിലെ സിൽവർ ലൈൻ നടപടികൾ താത്കാലികമായി നിർത്തിവെച്ചു. പ്രതിഷേധത്തെ തുടർന്നാണ് ഇന്നത്തെ കല്ലിടൽ നിർത്തിവെച്ചത്. തഴുത്തലയില്‍ പ്രതിഷേധ സ്ഥലത്ത് നിന്നും മാറി കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞു. ആറാട്ടുകുളം ക്ഷേത്രത്തിനുസമീപം സില്‍വര്‍ലൈന്‍ കല്ലുമായി എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. പേരയം ആറാട്ടുകുളം ക്ഷേത്രത്തിനുസമീപമാണ് വാഹനം തടഞ്ഞത്. സില്‍വര്‍ലൈന്‍ വിരുദ്ധസമരസമിതി അംഗങ്ങളും യുഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
കെ റെയിൽ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനിടെ കൊല്ലത്ത് വ്യാപക പ്രതിഷേധമാണ് നടന്നത്. നടുറോഡിൽ കഞ്ഞിവച്ചാണ് കല്ലിടലിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. തഴുത്തലയിൽ പ്രദേശവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി. ഗ്യാസ് സിലിണ്ടറുമായാണ് ഭീഷണി മുഴക്കിയത്. കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. ഒരിടവേളയ്ക്ക് ശേഷമാണ് കൊല്ലത്ത് സർവ്വേ നടപടികൾ പുനരാരംഭിച്ചത്. പോലീസ് സുരക്ഷയിൽ കല്ലിടൽ നടപടികൾക്കായി കെ റെയിൽ ഉദ്യോഗസ്ഥർ എത്തി. എന്നാൽ കനത്ത പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കല്ലുമായി വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. പിന്നാലെ നടുറോഡിൽ നാട്ടുകാർ കഞ്ഞിവച്ച് പ്രതിഷേധിച്ചു.