തിരുവനന്തപുരം: പീഡനാരോപണത്തിൽ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് സോളാർ പീഡനകേസ് പരാതിക്കാരി. ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള ആറ് പേർക്കെതിരെയും ഹരജി നൽകുമെന്ന് പരാതിക്കാരി അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റിയതെന്നും അവർ വ്യക്തമാക്കി. മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്ന് സോളാർ പീഡന കേസിലെ പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
ഉമ്മൻചാണ്ടിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് നിയമ നടപടിക്ക് പോകാത്തത്. ബാക്കിയുള്ളവർക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സി.ബി.ഐ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞിരുന്നു.നേരത്തെ, സോളാർ കേസില്‍ ഉമ്മൻ ചാണ്ടിക്കും എ.പി. അബ്ദുല്ലക്കുട്ടിക്കും സി.ബി.ഐ ക്ലീൻ ചീറ്റ് നൽകിയിരുന്നു. തെളിവില്ലെന്ന് കാണിച്ചാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് നൽകിയത്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്ന് സി.ബി.ഐ കണ്ടെത്തിയത്.
പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നില്ലെന്ന് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വെച്ച് അബ്ദുല്ലക്കുട്ടി പീഡിപിച്ചെന്നായിരുന്നു മറ്റൊരു ആരോപണം. സോളാർ പീഡനത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസണിത്. എന്നാല്‍, ഈ ആരോപണത്തിലും തെളിവില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.
കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, കെ.സി. വേണുഗോപാല്‍ എന്നിവർക്ക് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.