മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആളാണ് സുപ്രിയ മേനോൻ. ആദ്യകാലത്ത് നടൻ പൃഥ്വിരാജിന്റെ ഭാര്യയെന്ന പേരിൽ അറിയപ്പെട്ട സുപ്രിയ ഇന്ന് മലയാള സിനിമയിലെ മുൻനിര നിർമാതാവ് കൂടിയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന കമ്പനിയിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തി സക്സസ്ഫുൾ ആയി കൊണ്ടുപോകുന്നതിൽ മുഖ്യപങ്ക് സുപ്രിയയുടേതാണ് എന്ന കാര്യത്തിൽ തർക്കമില്ല. സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ചൊരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തന്നെ സൈബർ ബുള്ളിയിംഗ് ചെയ്യുന്ന ആളെ താൻ കണ്ടെത്തിയെന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. മരിച്ചു പോയ അച്ഛനെ കുറിച്ച് വരെ മോശം കമന്റുകൾ ചെയ്തുവെന്നും ശേഷമാണ് താൻ അവരെ കണ്ടെത്തിയതെന്നും സുപ്രിയ പറയുന്നു. ആളൊരു നഴ്സ് ആണെന്നും ഒരു കുഞ്ഞു കുട്ടിയുണ്ടെന്നും പറഞ്ഞ സുപ്രിയ അവർക്കെതിരെ കേസ് കൊടുക്കണമോ അതോ പബ്ലിക്കായി അവരെ അവതരിപ്പിക്കണമോ എന്നും ചോദിക്കുന്നുണ്ട്.
“നിങ്ങൾ എപ്പോഴെങ്കിലും സൈബർ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ടോ? കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാ പ്ലാറ്റ്‌ഫോമുകളിലും നിരവധി വ്യാജ ഐഡികൾ ഉണ്ടാക്കി എന്നെ ബുള്ളിയിംഗ് ചെയ്യുകയും ഹരാസ് ചെയ്യുകയും ചെയ്യുന്ന ഒരാളുണ്ട്. കാലങ്ങളായി ഞാനത് മൈന്റ് ആക്കാതെ വിട്ടതാണ്. എങ്കിലും ഒടുവിൽ ഞാൻ അവരെ കണ്ടെത്തി. മരിച്ചു പോയ എന്റെ അച്ഛനെ കുറിച്ച് വരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് ഞാനതിന് മുതിർന്നത്. രസകരമായൊരു സംഗതി എന്തെന്നാല്‍ അവളൊരു നഴ്സ് ആണ്. ഒരു കുഞ്ഞുമുണ്ട്. അവൾക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യണമോ അതോ പൊതുവിടത്തിൽ കൊണ്ടുവരണോ?”, എന്ന് സുപ്രിയ ചോദിക്കുന്നു. പിന്നാലെ നിരവധി പേരാണ് സുപ്രിയയ്ക്ക് സപ്പോർട്ടുമായി രംഗത്ത് എത്തിയത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും സുപ്രിയ അറിയിച്ചു.