തൃശ്ശൂർ : പൊതുവിപണിയിലെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും. എല്ലാ ഇനം അരിയുടെയും വില മൂന്നുമാസത്തിനിടെ കിലോഗ്രാമിന് രണ്ടുരൂപമുതൽ എട്ടുരൂപവരെ കൂടി. ഏറ്റവും വിലയുയർന്നത് ആന്ധ്രാപ്രദേശിൽനിന്നെത്തുന്ന ജയ അരിക്കാണ്. ജനുവരിയിൽ മൊത്തവില കിലോഗ്രാമിന് 32 ആയിരുന്നത് 39 ആയി. ബോധനയാണ് വിലക്കയറ്റത്തിൽ പിന്നിൽ. മൂന്നുമാസത്തിനിടെ രണ്ടുരൂപയാണ് കിലോഗ്രാമിന് കൂടിയത്. ചിലയിനം അരി കിട്ടാനുമില്ല. കട്ടാങ്കി (ക്രാന്തി) ഇനം അരിയാണ് വിപണിയിലില്ലാതായത്. വിവിധസംസ്ഥാനങ്ങളിൽ നെൽ ഉത്പാദനം കുറഞ്ഞതും കടത്തുകൂലി കൂടിയതുമാണ് വിലക്കയറ്റത്തിനു കാരണം. ശ്രീലങ്കയിലേക്ക് അരികയറ്റുമതി കൂടിയതാണ് ദൗർലഭ്യത്തിനും വിലക്കയറ്റത്തിനും കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.