ജവാന്‍ മദ്യത്തിന്റെ ഉത്പാദനം അടുത്തയാഴ്ച മുതല്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്പാദന ലൈനുകളുടെ എണ്ണം നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തിയതോടെയാണ് കൂടുതല്‍ മദ്യ ഉത്പാദനത്തിന് വഴി തുറന്നത്. ഇപ്പോള്‍ വിപണിയിലുള്ള ജവാന്‍ മദ്യത്തിന്റെ ഒരു ലിറ്റര്‍ കുപ്പിയ്ക്ക് പുറമേ അര ലിറ്റര്‍ കുപ്പി പുറത്തിറക്കുന്ന കാര്യം ആലോചനയിലുണ്ട്. മൂന്ന് മാസത്തിനകം ജവാന്റെ അരലിറ്ററും ജവാന്‍ പ്രീമിയവും പുറത്തിറക്കാന്‍ ആലോചിക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു. ഉത്പ്പാദന ലൈനുകളുടെ എണ്ണം ഉയര്‍ന്നതോടെ പ്രതിദിനം 12,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇത് ബുധനാഴ്ച മുതല്‍ പ്രാവര്‍ത്തികമാക്കി തുടങ്ങും. നിലവില്‍ പ്രതിദിനം 8,000 കെയ്‌സ് മദ്യമാണ് ഉത്പാദിപ്പിച്ച് വരുന്നത്.
മദ്യനിര്‍മാണത്തിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 25 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ അനുമതി തേടി ജവാന്‍ ഉദ്പാദകര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ പ്രതിദിനം 15,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാന്‍ കഴിയും.