കായംകുളം: 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ പിടികൂടിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മലപ്പുറം വെളിയൻകോട് അണ്ടിപാട്ടിൽ ഹൗസില്‍ മുഹമ്മദ് ബഷീര്‍ (40), മലപ്പുറം അയ്യോട്ടിച്ചിറ ചെറുവളപ്പിൽ വീട്ടിൽ അബ്ദുൽ റാസിഖ് (32), മലപ്പുറം വെളിയൻകോട് കുറ്റിയാടിവീട്ടിൽ റിയാസ് (38) എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ 13ന് കായംകുളം കറ്റാനത്ത് ജിഎസ്‌ടി എൻഫോഴ്സ്മെൻറ് സ്ക്വാഡ് വാഹന പരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം പൊലീസ് പിന്തുടര്‍ന്നിരുന്നു. നൂറനാട് മാർക്കറ്റ് ജംഗ്ഷനില്‍ വാഹനം പിടികൂടിയപ്പോള്‍ ഡ്രൈവറും സഹായിയും വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. തുടർന്ന് വാഹനം പരിശോധിച്ചതിൽ 40 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു. ഹാൻസ്, കൂൾ ഇനത്തിൽ പെടുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇത് നിലവിൽ മാർക്കറ്റിൽ 30 ലക്ഷത്തോളം രൂപ വിലവരും. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
തെക്കൻ ജില്ലകളിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും വളരെ തുച്ഛമായ വിലക്ക് വാങ്ങുന്ന പുകയില ഉൽപ്പന്നങ്ങൾ നാട്ടിൽ വൻതുകയ്ക്കാണ് വിറ്റഴിക്കുന്നത്. സ്കൂൾ കുട്ടികൾക്കിടയില്‍ വരെ ഇത്തരം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വ്യാപകമായി എത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കി.