ദില്ലി : പാര്‍ലമെന്‍റിലെ വിലക്ക് സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. വാക്കുകളും, പരസ്യപ്രതിഷേധവും വിലക്കിയതിനൊപ്പം പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കരുതെന്ന നിര്‍ദ്ദേശവും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. നിലവിലുളള നടപടികളെ വക്രീകരിച്ച് പ്രതിപക്ഷം സ്വയം പ്രകോപിതരാകുകയാണെന്ന് ബിജെപി പരിഹസിച്ചു.
മുന്നൂറിലധികം വാക്കുകള്‍ക്ക് വിലക്ക്, പാര്‍ലമന്‍റ് വളപ്പില്‍ പ്രതിഷേധം തടഞ്ഞുള്ള നിര്‍ദ്ദേശം, ഇതിനൊപ്പമാണ് ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്താകുറിപ്പുകള്‍ എന്നിവ പാടില്ലെന്നും പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കരുതെന്നുമുള്ള നിര്‍ദ്ദേശവും വന്നിരിക്കുന്നത്. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്നും പാര്‍ലമെന്‍റ് ബുള്ളറ്റിനിലുണ്ട്. അച്ചടക്ക നടപടി കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി അടിക്കടി ബുള്ളറ്റിനുകള്‍ പുറത്തിറക്കി സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ കുറ്റപ്പെടുത്തൽ. പ്രതിപക്ഷ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന പ്രധാനമന്ത്രിയാണ് നീക്കത്തിന് പിന്നിലെന്നും നേതാക്കള്‍ ആരോപിക്കുന്നു.
തിങ്കളാഴ്ച പാര്‍ലമെന്‍റ് സമ്മേളനം നടക്കാനിരിക്കെ ഇന്ന് വൈകുന്നരം സ്പീക്കര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ വിലക്ക് ചര്‍ച്ചയാകും. കഴിഞ്ഞ ദിവസം ഉയര്‍ന്ന ആക്ഷേപങ്ങളെ നിലവിലെ സമ്പ്രദായമെന്ന പ്രതികരണത്തിലൂടെ സ്പീക്കര്‍ ന്യായീകരിച്ചതിനാല്‍ അനുകൂല നിലപാട് പ്രതിപക്ഷം പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ വായടപ്പിക്കാന്‍ നോക്കേണ്ടെന്ന ശക്തമായ സന്ദേശം സര്‍ക്കാരിന് നല്‍കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷത്തിന്‍റെ കണക്ക് കൂട്ടല്‍. നാളെ ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ വിലക്കുകള്‍ക്കെതിരെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട പ്രതിഷേധ പരിപാടികള്‍ക്ക് തീരുമാനമാകും. എന്നാല്‍ നിലവിലുള്ള രീതികള്‍ തുടരുന്നതില്‍ പ്രകോപിതരാകുന്ന പ്രതിപക്ഷം ദില്ലിയില്‍ മഴയില്ലാത്തതിനാല്‍ പാര്‍ലെമന്‍റ് സമ്മേളനത്തെ വര്‍ഷകാല സമ്മേളനമെന്ന് വിശേഷിപ്പിക്കുമ്പോഴും പ്രകോപിതരാകാനിടയുണ്ടെന്ന് ബിജെപി പരിഹസിച്ചു.