തിരുവനന്തപുരം: കെഎസ്ഇബിയില്‍ മുടങ്ങിക്കിടക്കുന്ന സ്ഥാനക്കയറ്റം നല്‍കാന്‍ യൂണിയൻ നേതാക്കളുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി നടത്തിയ ചർച്ചയിൽ തീരുമാനമായി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2013 മാർച്ച് 31നുശേഷം കെഎസ്ഇബിയില്‍ നിയമിതരായവര്‍ക്കുകൂടി സ്ഥാനക്കയറ്റം നല്‍കണമെന്ന വിവിധ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ചർച്ച. ഇവർക്ക് താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനം. വൈദ്യുതി പ്രസരണ, വിതരണ മേഖലകളില്‍ മഴക്കാലത്തിനു മുന്നോടിയായി ജോലികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടുന്നതിന് സമയപരിധി നിശ്ചയിച്ചുകൊണ്ട് താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കുന്നതിന് തടസ്സമില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ഇതോടെ ജീവനക്കാര്‍ക്ക് ഐടിഐയോ തത്തുല്യ യോഗ്യതയോ നേടുന്നതിന് 5 വര്‍ഷവും ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടുന്നതിന് 7 വര്‍ഷം കാലാവധിയും അനുവദിച്ചു. നിശ്ചിത യോഗ്യത ഇല്ലാത്ത ജീവനക്കാര്‍ക്ക് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരം നിശ്ചിത യോഗ്യത നേടിയെടുക്കാനുള്ള നിര്‍ദേശങ്ങള്‍ പരിശോധിച്ച് ബോര്‍ഡ് മാനേജ്മെന്റ് സര്‍ക്കാരിനു സമര്‍പ്പിക്കും.