കൊച്ചി: നടൻ ദിലീപിനെതിരായ ഗൂഢാലോചനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു പ്രത്യേക താൽപര്യമുണ്ടോ എന്നു ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ നിലപാട് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേസ് അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്കു കൈമാറുന്നതിൽ എതിർപ്പുണ്ടോ എന്നു കോടതി ആരാഞ്ഞിരുന്നു. വധഭീഷണി മുഴക്കിയെന്ന ആരോപണം ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആണെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐക്കു വിടുന്നതിനെക്കുറിച്ചു കോടതി ചോദിച്ചത്.
അതേസമയം, കേസ് ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലെന്നു ദിലീപ് കോടതിയിൽ വാദിച്ചു. വെറും വാക്ക് കൊണ്ടു പറഞ്ഞാൽ ഗൂഢാലോചന ആകില്ല. നടിയെ ആക്രമിച്ച കേസിൽ തെളിവ് ഉണ്ടാക്കലാണ് തനിക്കെതിരായ ഗൂഢാലോചന കേസിന്റെ ലക്ഷ്യമെന്നും ദിലീപ് ആരോപിച്ചു.
രാവിലെ കേസ് പരിഗണിക്കുമ്പോൾ നിലപാട് ഉച്ചയ്ക്ക് അറിയിക്കാമെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. തുടർന്ന് ഉച്ചയ്ക്കു ശേഷമുള്ള സിറ്റിങ്ങിൽ കേസ് പരിഗണിക്കുമ്പോൾ നിലവിലെ അന്വേഷണത്തിൽ ആർക്കും പരാതി ഇല്ലെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ മറുപടി നൽകി. തുറന്ന മനസോടെയാണ് അന്വേഷണം നടക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തി എന്നത് സിബിഐക്ക് അന്വേഷണം വിടാൻ കാരണമല്ലെന്നും വാദിച്ചു.
മറ്റേതെങ്കിലും ഏജൻസിക്ക് അന്വേഷണം കൈമാറുന്നതിനെ മുൻവിധിയോടെയാണോ സർക്കാർ കാണുന്നതെന്നും പ്രോസിക്യൂഷനോടു കോടതി ചോദിച്ചു. ദിലീപിനെതിരെ തെളിവുകൾ കൈവശം ഉണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തു കൊണ്ടാണു നേരത്തേ പരാതി ഉന്നയിക്കാതിരുന്നത് എന്നു കോടതി രാവിലെ ചോദിച്ചിരുന്നു. ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശ്യം ഉണ്ടോ എന്ന സംശയമുണ്ടാക്കില്ലേ എന്നും ചോദിച്ചു. 2017ൽ ബാലചന്ദ്രകുമാർ പകർത്തിയെന്നു പറയുന്ന ശബ്ദരേഖ അന്വേഷണ സംഘത്തിനു കൈമാറാൻ 2021 വരെ കാലതാമസം എടുത്തതാണ് കോടതിയിൽ സംശയം ജനിപ്പിച്ചത്.
അതേസമയം, കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോൾ ഈ കാര്യം പ്രസക്തമല്ലെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നതാണ് കോടതി നോക്കേണ്ടത്. ദിലീപുമായി ബലചന്ദ്രകുമാറിനു നേരത്തേ തന്നെ അടുത്ത് ബന്ധമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ദിലീപിന്റെ ഫോണിൽ നിന്ന് തെളിവുകൾ നീക്കം ചെയ്തത് കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ഏഴു ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് ആറെണ്ണം മാത്രമാണ് ഹാജരാക്കിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്.