പ്രോസ്റ്റേറ്റ് കാൻസറുമായി (prostate cancer) ബന്ധപ്പെട്ട മൂത്ര ബാക്ടീരിയകളെ തിരിച്ചറിഞ്ഞതായി ശാസ്ത്രജ്ഞർ. ഈ ഗവേഷണം അപകടകരമായ മുഴകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള പുതിയ വഴികൾ നൽകിയേക്കാമെന്നും പഠനത്തിൽ പറയുന്നു. അണുബാധ നീക്കം ചെയ്യുന്നത് ട്യൂമറുകൾ തടയാനാകുമോ എന്നറിയാൻ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. മറ്റ് അർബുദങ്ങളുടെ വികാസത്തിൽ ബാക്ടീരിയ അണുബാധയ്ക്ക് ഒരു പങ്കുണ്ട്. എച്ച്. പൈലോറി (H. pylori) എന്ന ബാക്ടീരിയ ഉദര അർബുദത്തിന് കാരണമാകുന്നതായി ഗവേഷകർ പറയുന്നു. പ്രോസ്റ്റേറ്റ് കാൻസർ ഉള്ളവരും അല്ലാത്തവരുമായ 600-ലധികം രോഗികളെ ഗവേഷകർ നിരീക്ഷിച്ചു. മൂത്ര ബാക്ടീരിയ പരിശോധന എത്രത്തോളം ഉപയോഗപ്രദമാണെന്ന് ഗവേഷണത്തിൽ വിലയിരുത്തി. യൂറോപ്യൻ യൂറോളജി ഓങ്കോളജി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
പുരുഷന്മാരിൽ നിന്നുള്ള മൂത്രത്തിലും ടിഷ്യു സാമ്പിളുകളിലും സാധാരണമായ അഞ്ച് തരം ബാക്ടീരിയകളെ അവർ തിരിച്ചറിഞ്ഞു. ഓക്സിജൻ ഇല്ലാതെ വളരാൻ കഴിയുന്ന തരത്തിലുള്ള ബാക്ടീരിയകളായിരുന്നു എല്ലാമെന്നും ഗവേഷകർ പറയുന്നു. ആളുകളിൽ കണ്ടെത്തിയ ഈ ബാക്ടീരിയകൾ ക്യാൻസറിന് കാരണമാകുന്നുണ്ടോ അല്ലെങ്കിൽ ഒരു മോശം രോഗപ്രതിരോധ പ്രതികരണം ബാക്ടീരിയയുടെ വളർച്ചയെ അനുവദിക്കുന്നുണ്ടോ എന്നത് ഇതുവരെ അറിയാത്ത കാര്യങ്ങളിൽ ഒന്നാണെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകരിലൊരാളായ ഡോ. റേച്ചൽ ഹർസ്റ്റ് പറഞ്ഞു. എന്നാൽ ഞങ്ങളുടെ കണ്ടെത്തലുകളും ഭാവിയിലെ പ്രവർത്തനങ്ങളും പുതിയ ചികിത്സാരീതികളിലേക്ക് നയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അത് പ്രോസ്റ്റേറ്റ് കാൻസർ വികസിപ്പിക്കുന്നതിൽ നിന്ന് മന്ദഗതിയിലാക്കുകയോ തടയുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെത്തലുകൾ യാഥാർത്ഥ്യമാണെന്ന് തനിക്ക് വളരെ ആത്മവിശ്വാസമുണ്ടെന്ന് മറ്റൊരു ഗവേഷകൻ പ്രൊഫ. കോളിൻ കൂപ്പർ ബിബിസിയോട് പറഞ്ഞു. ഈ ബാക്ടീരിയകളിൽ ചിലത് ആക്രമണാത്മക മുഴകളുടെ വികാസത്തിന് കാരണമാകുന്ന ഹോർമോണുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുരുഷന്മാരിലെ ആകെ അർബുദ കേസുകളിൽ ഏഴ് ശതമാനവും പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചവരായിരിക്കും. പുരുഷലിംഗത്തിനും മൂത്രസഞ്ചിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന അർബുദവളർച്ച ആദ്യമൊന്നും അത്ര പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാക്കിയെന്ന് വരില്ല. ഈ അർബുദ വളർച്ച എല്ലുകളിലേക്ക് പടരുന്നതോടെ വ്യത്യസ്ത തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും.
യുകെയിലെ 10 ക്യാൻസറുകളിൽ നാലെണ്ണം പുകവലി, പൊണ്ണത്തടി തുടങ്ങിയ അറിയപ്പെടുന്ന അപകട ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ബാക്ടീരിയ പോലെയുള്ള മറ്റ് ക്യാൻസറിന് കാരണമാകുന്ന അപകട ഘടകങ്ങളുണ്ടെന്ന് ക്യാൻസർ റിസർച്ച് യുകെയിൽ നിന്നുള്ള ഡോ. സാം ഗോഡ്ഫ്രെ പറഞ്ഞു. പ്രോസ്റ്റേറ്റ് കാൻസർ വളർച്ചയിൽ ഈ ബാക്ടീരിയകൾ എങ്ങനെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് സ്ഥാപിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.