കോഴിക്കോട് : കോഴിക്കോട് കല്ലായിയിൽ കെ റെയിൽ കല്ലിടലിനിടെ വൻ പ്രതിഷേധം. നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോൾ നടത്തിയതി. പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
വെടിവെച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കോഴിക്കോട് ജില്ലയിൽ കെ റെയിൽ കല്ലിടലിനിടെയുണ്ടാകുന്ന ഇതുവരെയുള്ള എറ്റവും ശക്തമായ പ്രതിഷേധമാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാൻ എത്തിയവരെ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു. ഉന്തും തള്ളിലും സ്ത്രീകൾക്ക് ഉൾപ്പെടെ പരിക്ക്. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. പുരുഷ പോലീസ് ലാത്തി വെച്ച് കുത്തിയെന്ന് പ്രതിഷേധത്തിനെത്തിയ സ്ത്രീകൾ ആരോപിക്കുന്നു. കടുത്ത പ്രതിഷേധത്തിനിടയിലും ഉദ്യോഗസ്ഥർ കല്ല് സ്ഥാപിച്ചു.