പറവൂർ: പെരുമ്പടന്നയിലെ ജനവാസമേഖലയിൽ ആരംഭിച്ച ബിവറേജസ് കോർപറേഷെൻറ ചില്ലറ വിൽപനശാല മണിക്കൂറുകൾക്കുള്ളിൽ അടപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ മുൻ മന്ത്രി എസ്. ശർമ സ്ഥലത്തെത്തി. വിൽപന കേന്ദ്രത്തിനെതിരെ അദ്ദേഹവും പ്രതികരിച്ചതോടെയാണ് പ്രവർത്തനം നിർത്തിവെച്ചത്. പറവൂർ-ചെറായി പ്രധാന റോഡിൽ പെരുമ്പടന്ന പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ശനിയാഴ്ച ഔട്ട്ലെറ്റ് ആരംഭിച്ചത്. മദ്യക്കുപ്പികൾ വാഹനത്തിൽ കൊണ്ടുവന്നപ്പോൾ സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധിച്ചെങ്കിലും കോടതിവിധിയുണ്ടെന്ന കാരണം പറഞ്ഞ് പോലീസ് സംരക്ഷണത്തിൽ ഇറക്കി.
ഇതോടെ ശർമയും സ്ഥലത്തെത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. ആ സമയത്തും കോടതി വിധിയുണ്ടെന്ന ന്യായം നിരത്തുകയായിരുന്നു അധികൃതർ. തുടർന്ന് കോടതിവിധി കാണിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും അടുത്ത ദിവസമേ വിധി പകർപ്പ് ലഭിക്കൂ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഇവിടെ ചില്ലറ വിൽപനശാല സ്ഥാപിക്കരുതെന്ന് നേരേത്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായി ശർമ പറഞ്ഞു.
കന്യാസ്ത്രീ മഠവും മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ താമസകേന്ദ്രവും പ്രവർത്തിക്കുന്നതിന് തൊട്ടടുത്തായി ഔട്ട്ലെറ്റ് തുടങ്ങിയ നടപടി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ മന്ത്രി എം.വി. ഗോവിന്ദനെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് ഔട്ട്ലെറ്റ് അടച്ചു പൂട്ടുകയായിരുന്നു.