പഞ്ചാബ് : പഞ്ചാബ് സര്‍ക്കാരിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിക്ക് പഞ്ചാബ് സര്‍ക്കാര്‍ തുരങ്കം വെച്ചെന്നാണ് ആരോപണം. പ്രധാനമന്ത്രിയുടെ റാലി തടസപ്പെടുത്താന്‍ സംസ്ഥാന പോലീസിന് നിര്‍ദേശം നല്‍കി. വിഷയത്തെ കുറിച്ച് സംസാരിക്കാനോ പരിഹരിക്കാനോ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിസ്സമ്മതിച്ചതായും ജെ പി നദ്ദ ആരോപിച്ചു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15-20 മിനിറ്റുകളാണ് ഫ്‌ളൈ ഓവറില്‍ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് സര്‍ക്കാര്‍ വികസന വിരോധികളാണെന്ന് തെളിയിച്ചാതായും ജെ പി നദ്ദ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഭയന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പരിപാടികളും അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. ട്വിറ്ററിലൂടെയായിരുന്നു ബിജെപി നേതാവിന്റെ വിമര്‍ശനങ്ങള്‍.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോവുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് സുരക്ഷാ വീഴ്ചയുണ്ടായത്.ദേശീയ രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡില്‍ പ്രതിഷേധക്കാര്‍ തടസമുണ്ടാക്കുകയായിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിമര്‍ശനമുയര്‍ത്തിയിരുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രാവിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമായ നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നുമാണ് ആരോപണം. പഞ്ചാബ് സര്‍ക്കാരിനോട് യാത്രാ വിവരം പങ്കുവച്ചിട്ടും സുരക്ഷയൊരുക്കാന്‍ സാധിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്.
കനത്ത മഴ മൂലം ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച് കാറില്‍ പോവുമ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ബതിന്ദയില്‍ ഇറങ്ങിയ ശേഷം ഇരുപത് മിനിറ്റോളം കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നതിന് വേണ്ടി കാത്തിരുന്ന ശേഷമാണ് യാത്ര കാറിലാക്കാന്‍ തീരുമാനിച്ചത്. സുരക്ഷാ വീഴ്ചയ്ക്ക് പിന്നാലെ ബതിന്ദ വിമാനത്താവളത്തിലേക്ക് തിരികെ പോകേണ്ടി വന്നുവെന്നും കേന്ദ്രം ആരോപിക്കുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമാക്കി. വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.