തിരുവനന്തപുരം: സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷവും വിഴിഞ്ഞത്ത് സമരം ശക്തം. സ്ത്രീകൾ അടക്കുമള്ള നൂറ് കണക്കിന് പേരാണ് ഇന്നും പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർച്ചയായ രണ്ടാം ദിവസവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂട്ട് തകർത്ത് സമരക്കാർ അകത്ത് കടന്നു. കടലാസിൽ എഴുതിയ ഉറപ്പുകൾ വിശ്വസിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
സർക്കാരുമായി നടത്തിയ ചർച്ച ഫലപ്രദവും തൃപ്തികരവുമെന്ന് പറഞ്ഞെങ്കിലും സമര മുഖത്ത് തന്നെയാണ് മത്സ്യത്തൊഴിലാളികളും ലത്തീൻ അതിരൂപതയും. പ്രതിഷേധം ഇന്നും അയവില്ലാതെ തുടർന്നു. വിഴിഞ്ഞം ഇടവകയ്ക്ക് കീഴിലെ ആളുകളാണ് ഇന്ന് സമരവേദിയിലേക്ക് എത്തിയത്. ബാരിക്കേഡ് മറിച്ചിട്ട് മുന്നേറാൻ ചിലർ ശ്രമിച്ചു. ഇതിനിടെ മറ്റു ചിലർ സർവീസ് റോഡിലൂടെ തുറമുഖ കവാടത്തിലേക്ക് എത്തി. ഗേറ്റ് തല്ലി തകർത്ത് അകത്ത് കടന്ന പ്രതിഷേധക്കാർ തുറമുഖ പദ്ധതി പ്രദേശത്ത് കൊടി നാട്ടി.
അടിസ്ഥാന പ്രശ്നം തുറമുഖ നിർമാണമാണെന്നും അത് നിർത്തി വെയ്ക്കണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ലത്തീൻ അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് പറഞ്ഞു. സംസ്ഥാനത്തിന് നടപടി എടുക്കാൻ കഴിയില്ലെങ്കിൽ അതിന് കഴിയുന്നവരോട് സംസാരിക്കാൻ അധികൃതർ തയ്യാറാകണം. മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച വേണം എന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിന് പിന്നിൽ ബാഹ്യശക്തികളാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷ കെ.സുരേന്ദ്രന്റെ ആരോപണം അദ്ദേഹം തള്ളി. കൂടംകുളം എന്താണെന്ന് പോലും അറിയാത്തവരാണ് സമരം നടത്തുന്നതെന്നും ലത്തീൻ അതിരൂപത സഹായ മെത്രാൻ പറഞ്ഞു.
ഇതിനിടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് രൂപതയും രംഗത്തെത്തി. തിരുവനന്തപുരത്തെ തീര സമരത്തിന് കോഴിക്കോട് രൂപത പിന്തുണ പ്രഖ്യാപിക്കുന്നതായി ബിഷപ്പ് ഡോക്ടർ വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. സർക്കാർ ഇടപെട്ട് പ്രശ്നം ഉടൻ പരിഹരിക്കണം. പദ്ധതിക്ക് എതിരല്ല. അതുമൂലം ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കണം. സമരം സർക്കാറിന് എതിരല്ല. ജനങ്ങളുടെ പ്രശ്നം സർക്കാറിനെ അറിയിക്കാനാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം, ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ നിന്നുള്ളവരും സമരത്തിന് പിന്തുണ അറിയിച്ച് എത്തി.
അതേസമയം സമരക്കാരുമായുള്ള ചർച്ച സർക്കാർ പോസിറ്റീവായാണ് കാണുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സമരക്കാരുടെ നിലപാട് സ്വാഗതാർഹമാണ്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയോടെ സമരം തീരുമെന്നാണ് പ്രതീക്ഷയെന്നും ശിവൻകുട്ടി വ്യക്തമാക്കി.