കോട്ടയം : സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം. രാവിലെ 9 മണി മുതൽ സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തുകയായിരുന്നു. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും പോലീസ് എത്രയും വേഗം ഇവിടെ നിന്ന് മടങ്ങിപ്പോകണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടുന്ന സംയുക്ത സമര സമിതിയാണ് മാടപ്പള്ളിയിൽ സമരം നടത്തുന്നത്.
ഒന്നര മണിക്കൂറായി വലിയ സംഘർഷാവസ്ഥയാണ് സ്ഥലത്ത് നിലനിൽക്കുന്നത്. കല്ലിടീലിന്റെ പ്രാരംഭ പ്രർത്തനം പോലും നടത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ.