പുനെ: ഭൗറാവു പാട്ടീൽ, ജ്യോതിബ ഫൂലെ, ഡോ. ബാബാസാഹേബ് അംബേദ്കർ തുടങ്ങിയവരെ അധിക്ഷേപിച്ചെന്നാരോപിച്ച് മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന് നേരെ മഷിയാക്രമണം. മന്ത്രിയുടെ മുഖത്ത് മഷി എറിഞ്ഞ മൂന്ന് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചിഞ്ച്‌വാഡിലാണ് സംഭവം. സംഭവത്തിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്കൂളുകൾ ആരംഭിക്കാൻ കർമ്മവീർ ഭൗറാവു പാട്ടീൽ, ജ്യോതിബ ഫൂലെ, ഡോ. ബാബാസാഹേബ് അംബേദ്കർ എന്നിവർ ഭിക്ഷ യാചിച്ചെന്ന പരാമർശമാണ് മഷി പ്രയോഗത്തിന് കാരണം.
തനിക്കെതിരെ നടന്നത് രാഷ്ട്രീയ പ്രേരിത ആക്രമണമാണെന്നും എൻസിപിയടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സംഭവത്തെ അപലപിക്കുമോ എന്നും മന്ത്രി ചോദിച്ചു. നാഗ്പൂരിൽ നടന്ന സംഭവം ദൗർഭാഗ്യകരമാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഡോ അംബേദ്കറിനെയും കർമ്മവീർ പാട്ടീലിനെയും കുറിച്ച് അദ്ദേഹം പറഞ്ഞതിന്റെ അർഥം ആളുകൾ മനസ്സിലാക്കണം. ഈ പ്രമുഖരൊന്നും പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം നൽകാൻ സർക്കാരിൽ നിന്ന് ഫണ്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മഹത്തായ ലക്ഷ്യത്തിനായി സമൂഹത്തിൽ നിന്നും ദാതാക്കളിൽ നിന്നും ഫണ്ട് സമാഹരിച്ചു. അദ്ദേഹം ക്ഷമാപണം നടത്തി നിലപാട് വ്യക്തമാക്കിയതിന് ശേഷവും അദ്ദേഹത്തിന്റെ പ്രസ്താവന വളച്ചൊടിച്ച് പ്രതിപക്ഷം അദ്ദേഹത്തെ ലക്ഷ്യമിടുന്നതായും ഉപമുഖ്യമന്ത്രി പറഞ്ഞു.
അംബേദ്കറും ഫൂലെയും പാട്ടീലും സ്‌കൂളുകൾ തുടങ്ങാൻ സർക്കാർ ഫണ്ടിനെ ആശ്രയിക്കാതെ സംഭാവന യാചിച്ചെന്ന മന്ത്രിയുടെ പരാമർശത്തിനെതിരെ വെള്ളിയാഴ്ച വിവിധയിടങ്ങളിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധിച്ചു.
ശനിയാഴ്ച വൈകുന്നേരം മന്ത്രി ചിഞ്ച്‌വാഡിലെ മുൻ ബിജെപി കൗൺസിലർ മൊറേശ്വർ ഷെഡ്‌ഗെയുടെ വീട്ടിൽ പോയിരുന്നു. ഇവിടെ വെച്ചാണ് മഷിയാക്രമണം നടന്നത്. നിരവധി ബിജെപി പ്രവർത്തകർ നോക്കിനിൽക്കെയായിരുന്നു പ്രതിഷേധം. പാട്ടീൽ ഷെഡ്‌ഗെയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ, പ്രതിഷേധക്കാരിൽ ഒരാൾ അദ്ദേഹത്തിന്റെ നേരെ പാഞ്ഞടുക്കുകയും മുഖത്ത് മഷി എറിയുകയും ചെയ്തു. മറ്റു രണ്ടുപേരും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. തുടർന്ന് മൂവരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ചിലർ വീഡിയോ പകർത്തി. പ്രതിഷേധക്കാർ മഷി എറിഞ്ഞപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിയെടുക്കരുതെന്നും മന്ത്രി പറഞ്ഞു.