തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വച്ച് നടന്ന പ്രതിഷേധത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ വധശ്രമക്കേസെടുത്ത് പോലീസ്. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്‍റെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.
വിമാനത്തിൽ, ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ. എന്നാണ് ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ അനുശാസിക്കുന്നത്. കുറ്റം തെളിഞ്ഞാൽ, ശാരീരികമായും വാക്കുകൾ കൊണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായാൽ ശിക്ഷ ഇതാണ് – ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ. ഇത്തരത്തിൽ വാക്കുകളാൽ മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്നവരെ മൂന്ന് മാസം വിമാനയാത്രയിൽ നിന്ന് വിലക്കാം. മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറ് മാസവും വിലക്കാം.