ബാർസിലോണ: വിനോദ സഞ്ചാരികൾ കൂട്ടമായി എത്തുന്നത് മൂലം തദ്ദേശവാസികൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ ഇടമില്ലാത്തിനേ തുടർന്ന് വിനോദ സഞ്ചാരികൾക്കെതിരെ ബാർസിലോണയിൽ പ്രതിഷേധം. ആയിരക്കണക്കിന് ആളുകളാണ് വാട്ടർ ഗണ്ണുകളുമായി വിനോദ സഞ്ചാരികൾക്കെതിരെ സംഘടിച്ചെത്തിയത്. വാരാന്ത്യത്തിൽ വിനോദ സഞ്ചാരികൾ കൂട്ടമായി എത്തുന്ന ഭക്ഷണ ശാലകളുടെ അടക്കം പുറത്ത് സംഘടിച്ചെത്തിയ തദ്ദേശീയർ പ്ലക്കാർഡുകളുമായി എത്തിയാണ് പ്രതിഷേധിച്ചത്.
തുറന്ന ഭക്ഷണശാലകളിൽ ഇരുന്ന ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിനോദ സഞ്ചാരികളുടെ നേരെ വാട്ടർ ഗൺ പ്രയോഗിക്കാനും പ്രതിഷേധക്കാർ മടിക്കാതെ വന്നതോടെ ഭക്ഷണം കഴിക്കാനെത്തിയ വിനോദ സഞ്ചാരികളിൽ പലരും ഹോട്ടലുകളുടെ അകത്തേക്ക് ആശ്രയം തേടുകയായിരുന്നു. വിനോദ സഞ്ചാരികൾ വീടുകളിലേക്ക് പോവുക എന്നെഴുതിയ പ്ലക്കാർഡുകളുമായായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരിൽ ഏറിയ പങ്കും യുവതി യുവാക്കൾ ആണെന്നതും ശ്രദ്ധേയമാണ്. ബാർസിലോണയുടെ തലസ്ഥാനത്തേക്ക് ആയിരക്കണക്കിന് തദ്ദേശീയരാണ് ഇത്തരത്തിൽ പ്രതിഷേധവുമായി എത്തിയത്.
നേരത്തെ ജൂൺ മാസത്തിൽ നഗരവാസികൾക്ക് താമസിക്കാൻ ഇടം ലഭിക്കാതെ വരുന്നതിന് പിന്നാലെയാണ് വിനോദ സഞ്ചാരികൾക്ക് വാടകയ്ക്ക് നൽകുന്നത് വിലക്കാൻ ഒരുങ്ങുന്നതായി ബാർസിലോണ നഗരത്തിന്റെ മേയർ വിശദമാക്കിയിരുന്നു. സ്പെയിനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബാർസിലോണ. നഗരവാസികൾക്ക് താമസ സൌകര്യം ലഭിക്കാൻ വൻ തുക ചെലവിടേണ്ട സാഹചര്യമാണ് നിലവിൽ ഇവിടെയുള്ളത്. 10101 അപാർട്ട്മെന്റുകളുടെ ലൈസൻസ് 2028 നവംബറോടെ റദ്ദാക്കുമെന്നാണ് മേയർ ജോമോ കോൾബോണി വിശദമാക്കിയത്.