ദില്ലി : പൗരത്വ ഭേദഗതി ചട്ടങ്ങൾ നടപ്പായതോടെ ഇനി എല്ലാ കണ്ണുകളും പരമോന്നത കോടതിയിലേക്ക്.നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് കോടതിയുടെ പരിഗണനയിലുള്ളത് ഇരുന്നൂറിലേറെ ഹർജികളാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായി. പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ നടപ്പാക്കിയതിന് പിന്നാലെ ദില്ലി ഉൾപ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയിലാണ്. വടക്കുകിഴക്കൻ ദില്ലി ഉൾപ്പടെ മൂന്ന് ജില്ലകളിൽ പൊലീസ് ജാഗ്രതാ നിർദേശം പുറത്തിറക്കി. പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ള ഷഹീൻബാഗ് ഉൾപ്പടെയുള്ള മേഖലകളിൽ കേന്ദ്രസേനയും പൊലീസും ഇന്ന് ഫ്ലാഗ് മാർച്ച് നടത്തും. സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാണ്. ഉത്തർപ്രദേശിൽ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡിജിപി നിർദേശം നൽകി. കേന്ദ്രസേനയെയും പലിയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
അസമിൽ പ്രതിഷേധം ശക്തം
സിഎഎ നടപ്പാക്കുന്നതിൽ അസമിൽ പ്രതിഷേധം ശക്തം.അസമിലെ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.പലയിടത്തും സിഎഎ പകർപ്പ് കത്തിച്ചു. യുപിയിൽ അക്രമികൾക്കെതിരെ കർശന നിലപാടിന് യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി.നോയിഡയിൽ പൊലീസ് ഫ്ളാഗ് മാർച്ച് നടത്തി. പൗരത്വം നല്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് കാര്യമായ പങ്കുണ്ടാവില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
യുവജന സംഘടനകളുടെ പ്രതിഷേധം എറണാകുളത്ത്
പൗരത്വ ഭേദഗതിക്കെതിരെ എറണാകുളത്ത് വിവിധയിടങ്ങളിൽ രാത്രിയിൽ യുവജന സംഘടനകളുടെ പ്രതിഷേധം.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റെയിൽവേ സംരക്ഷണ സേന തടഞ്ഞു. പ്രവർത്തകർ പിരിഞ്ഞു പോകാതായതോടെ ബലം പ്രയോഗിച്ച് നീക്കി. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാവില്ല എന്ന മുദ്രാവാക്യവുമായി പെരുമ്പാവൂരിൽ എസ് എഫ് ഐ – ഡിവൈഎഫ്ഐ എന്നിവരുടെ നേതൃത്വത്തിൽ അർദ്ധരാത്രിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. പെരുമ്പാവൂർ ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു.