തിരുവനന്തപുരം : സെക്രട്ടറിയേറ്റിനും വൈദ്യുതി ഭവനും പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷയും സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് കൈ മാറും. നിലവിൽ പൊലീസിന്റെ ദ്രുതകർമ്മസേനക്കാണ് ക്ലിഫ്ഹൌസിന്റെ സുരക്ഷാചുമതലയുള്ളത്. സംസ്ഥാന ഇൻറലിജൻസാണ് എസ് ഐ എസ് എഫ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കണമെന്ന് റിപ്പോർട്ട് നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം വരെ പ്രതിഷേധങ്ങൾ എത്തിയതോടെയാണ് സെക്രട്ടറിയേറ്റിന്റെ സുരക്ഷ പൂർണമായും സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് സർക്കാർ കൈമാറിയത്. പിന്നാലെ ക്ലിഫ് ഹൌസിന് സമീപത്തേക്കും പോലീസ് വലയം മറികടന്ന് പ്രതിഷേധക്കാർ എത്തിയ സാഹചര്യവുമുണ്ടായി. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ അവനലോകനം ചെയ്യാൻ ഡിഐജിയുടെ നേതൃത്വത്തിൽ സമിതിക്ക് സർക്കാർ രൂപം നൽകിയത്. ഈ സമിതിയുടെ ശുപാര്‍ശയിലാണ് ക്ലിഫ്ഹൌസിന്റെ സുരക്ഷയും സർക്കാർ എസ് ഐ എസ് എഫിനെ ഏൽപ്പിക്കാനൊരുങ്ങുന്നത്.
ആദ്യ ഘട്ടത്തില്‍ വ്യവസായ സുരക്ഷാ സേനയുടെ 20 അംഗങ്ങള്‍ ക്ലിഫ്ഹൗസിലെത്തും. സംസ്ഥാന ഇൻറലിജൻസ് റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നീക്കം, നിലവിൽ പോലീസിന് കീഴിലുള്ള ദ്രുതകർമ്മസേനക്കാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതിയുടെ സുരക്ഷാ ചുമതല. വ്യവസായ സുരക്ഷാ സേന എത്തിയാലും ക്ലിഫ് ഹൗസില്‍ ദ്രുത കര‍്മ്മ സേന തുടരും. ഘട്ടം ഘട്ടമായി ദ്രുതകര്‍മ്മ സേനയെ കുറച്ച് പൂര്‍ണ്ണമായും വ്യവസായ സുരക്ഷാ സേനയ്ക്ക് പൂര്‍ണ്ണമായും ചുമതല കൈമാറും. ആഭ്യന്തരവകുപ്പിന്റെ ഉത്തരവിറങ്ങിയാലുടൻ ക്ലിഫ്ഹൌസിന്റെ സുരക്ഷ എസ് ഐ എസ് എഫ് ഏറ്റെടുക്കും. സുരക്ഷ കൂട്ടുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി പുതിയ കറുത്ത കാറിലേക്ക് മാറിയിരുന്നു. അകമ്പടി വാഹനങ്ങളും ഉടൻ കറുപ്പിലേക്ക് മാറും.