കോഴിക്കോട്: ഇടത് സർക്കാരിൻ്റെ രണ്ടാംവർഷം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് ഭരണ തകർച്ചയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. എല്ലാ സംവിധാനങ്ങളും പരാജയപ്പെട്ടു. എല്ലാ മന്ത്രിമാരും അനാസ്ഥ വച്ചുപുലർത്തുകയാണ്. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു. മുഖ്യമന്ത്രിക്ക് വകുപ്പിന് മേൽ ഒരു നിയന്ത്രണവും ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സർക്കാർ പൂർണ്ണ പരാജയമാണ്. രണ്ടുവർഷത്തെ പ്രവർത്തനം തീരെ മോശമാണ്. എന്ത് നേടാനാണ് വിദേശ യാത്ര നടത്തുന്നത്. രണ്ടാം വാർഷികം ആഘോഷിക്കുന്നത് കടം എടുത്ത് പരസ്യം നൽകിയത്. ബിജെപി ബഹുജന പ്രതിരോധത്തിന് ഇറങ്ങുമെന്നും രണ്ടാം വാർഷിക ദിനത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന സമര പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 20 ന് കരിദിനം ആചരിക്കുന്നതോടൊപ്പം സെക്രട്ടറിയേറ്റ്,കലക്ട്രേറ്റ് മർച്ച് സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ വ്യാപകമായി. അതിൻ്റെ ദയനീയ അവസ്ഥ ആണ് ഡോ വന്ദനയുടെ കൊലപാതകം. വന്ദനക്ക് പ്രാഥമിക ചികിത്സ നൽകിയതും വിദഗ്ധ ചികിത്സ നൽകിയതും സ്വകാര്യ ആശുപത്രിയിലാണ്. ഒരു ജീവൻ രക്ഷാ സംവിധാനവും സർക്കാർ ആശുപത്രിയിൽ ഇല്ലേ? പൊലീസിനെ എന്ത് കയ്യിൽ കൊടുത്താണ് വിടുന്നത്. കോടതി പോലും ചോദിച്ചിരുന്നു. അക്രമകാരികൾ എല്ലായിടത്തും അഴിഞ്ഞാടുന്നു. പൊലീസിന് ഒന്നും ചെയ്യാൻ ആകുന്നില്ല. നിയമ സംവിധാനത്തെ ആർക്കും ഭയം ഇല്ല. താനൂരിൽ സംഭവിച്ചതും ഇത് തന്നെയാണ്. മീൻ പിടുത്ത ബോട്ട് ഉല്ലാസ സവാരിക്ക് ഉള്ളതാക്കി മാറ്റാൻ കേരളത്തിൽ മാത്രം പറ്റും. ബോട്ട് ഉടമക്ക് രക്ഷപ്പെടാൻ സഹായം ഒരുക്കിയത് ആരാണ്. ഇയാളും സിപിഎമ്മും തമ്മിൽ എന്താണ് ബന്ധം. ബോട്ടിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട്. നാലുമാസമായി ഇക്കാര്യം നടക്കുന്നു. അത് അന്വേഷിക്കാൻ പോയ പൊലീസ് ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ചു. മുഹമ്മദ് റിയാസും അബ്ദുൽ റഹ്മാനും ഉത്തരവാദികളാണ്. വന്ദനയുടെ മരണത്തിൽ ഉത്തരവാദി സർക്കാരാണ്. പിണറായിക്ക് തികഞ്ഞ അനാസ്ഥയാണ്. ബോട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ എന്തിനാണ്. നേരത്തെ നടന്ന അന്വേഷണങ്ങൾ പ്രഹസനമായി. ലീഗിന്റെ കൂടി താൽപര്യം പരിഗണിച്ചാണ് അന്വേഷണം. വന്ദനയുടെ വീട്ടിൽ പോയി മുഖ്യമന്ത്രി നാടകം കളിച്ചുവെന്നും ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവന മോശം ആയിപ്പോയെന്നും സുരേന്ദ്രൻ പറഞ്ഞു.