പാട്ന: ബിഹാറിൽ ജെഡിയുവിന് മുന്നിൽ നിബന്ധന വച്ച് ബിജെപി. നിതിഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷമേ പിന്തുണച്ചുകൊണ്ടുള്ള കത്ത് നൽകു. പാട്നയിലെ ബിജെപി യോഗത്തിൽ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അധ്യക്ഷത വഹിക്കും. ജെഡിയു മഹാസഖ്യം വിടാൻ ഒരുങ്ങുന്നതിനിടെ കോൺഗ്രസും നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് 11.30ന് ചേരുന്ന യോഗത്തിൽ ആർജെഡി നേതാക്കളായ തേജസ്വി യാദവും ജഗത നന്ദസിംഗും ഓൺലൈനായി പങ്കെടുക്കുമെന്നാണ് വിവരം.
ആദ്യം രാജിവച്ച ശേഷമേ എൻഡിഎയിലെ എല്ലാ ഘടകക്ഷികളും പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് കൈമാറൂ എന്നാണ് ജെഡിയുവിന് മുന്നിൽ ബിജെപി വച്ചിരിക്കുന്ന നിബന്ധന. ഇന്ന് തന്നെ നിതിഷ് കുമാറിന്റെ രാജി ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ ഇന്ന് വൈകുന്നേരത്തോടെ തന്നെ സംസ്ഥാനത്ത് പുതിയ സർക്കാർ മുഖത്തിന് രൂപംനൽകും ജെഡിയുവും ബിജെപിയും.
ബിഹാറിലെ മഹാസഖ്യ സർക്കാർ തകർച്ചയുടെ വക്കിലാണെന്ന് പാർട്ടിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും വക്താവുമായ കെസി ത്യാഗി പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം കുമാറിനെ ആവർത്തിച്ച് ‘അപമാനിക്കുകയാണ്’. പഞ്ചാബ്, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ ഇന്ത്യാ സഖ്യം ഏതാണ്ട് അവസാനിച്ചുവെന്നും ത്യാഗി വിമർശിച്ചു.
ഇന്ന് നിയമസഭാ യോഗം വിളിച്ച ജെഡിയു ഇന്നലെ വൈകുന്നേരം നിയമസഭാംഗങ്ങളുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രേണു ദേവിയുടെയും തർക്കിഷോർ പ്രസാദിൻ്റെയും പേരുകൾ നിർദ്ദേശിച്ചെങ്കിലും പ്രസാദിന് പകരം സുശീൽ മോദിയെ തിരഞ്ഞെടുക്കാനാണ് സാധ്യതയെന്ന് ജെഡിയുവും ബിജെപിയും തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷം അടുത്ത വൃത്തങ്ങൾ പറഞ്ഞു.