കണ്ണൂര്‍: കേരളത്തിൽ നടന്ന നരബലി ഞെട്ടിക്കുന്നതെന്നെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരൻ പിള്ള. ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നോളം ഇത്രയും ക്രൂരമായ ഒരു നരബലിയുടെ കഥ കേട്ടിട്ടില്ല. ക്രൈം റേറ്റിൽ കേരളം രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്ത് ആണ്. കൊട്ടിഘോഷിക്കാൻ നമുക്ക് പലതും ഉണ്ട്. പക്ഷേ കേരളം എങ്ങോട്ടാണ് പോകുന്നത് എന്ന് ഗൗരവത്തിൽ ആലോചിക്കണം. ഉത്തരേന്ത്യയിൽ ഒരു ബലാത്സംഗം നടന്നപ്പോൾ ശയന പ്രദക്ഷിണം നടത്തിയ സാഹിത്യനായകരുള്ള നാടാണിത്. അവരൊക്കെ ഇപ്പോൾ എന്താണ് ഒന്നും മിണ്ടാത്തതെന്നും പിഎസ് ശ്രീധരൻപിള്ള ചോദിച്ചു. കണ്ണൂരിൽ നടന്ന പടയണി മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു ഗോവ ഗവര്‍ണര്‍.
അതേസമയം നരബലിക്കിരയായ പദ്മയുടെ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യവുമായി കുടുംബം വീണ്ടും രംഗത്തെത്തി. മൃതദേഹം അടിയന്തരമായി വിട്ടു നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പദ്മയുടെ മകൻ സെൽവരാജ് മുഖ്യമന്ത്രി രണ്ടാം തവണയും കത്ത് നൽകി. പദ്മയുടെ മൃതദേഹം വിട്ടു കിട്ടാനായി കഴിഞ്ഞ 18 ദിവസമായി കാത്തിരിക്കുകയാണെന്നും തമിഴ്നാട്ടിൽ നിന്നും ഇവിടെ വന്ന് ബന്ധുക്കളുടെ സഹായത്തോടെ ആണ് കഴിയുന്നതെന്നും ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ കൈയിൽ പണമില്ലെന്നും കൊച്ചിയിൽ ഇനിയും തുടരാൻ സാധിക്കാത്ത നിലയാണെന്നും കുടുംബം കത്തിൽ പറയുന്നു.