മലപ്പുറം : ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ട് നിന്നവരില്‍ കാലത്തിന്റെ തിരിച്ചടി കിട്ടാത്തവര്‍ ആരുമില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. വിഷയത്തില്‍ ഇടപ്പെട്ട ഡല്‍ഹിയിലെ നിയമ രംഗത്തുള്ള ഉന്നതനായ ഒരാള്‍ പയ്യന്നൂരില്‍ വന്ന് പാപപരിഹാര കര്‍മ്മം നടത്തി. ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ക്രിമിനലിനോടൊപ്പം വാളുമായി നില്‍ക്കുന്നത് കാണേണ്ടി വന്നതായും പി.എസ് ശ്രീധരന്‍പിള്ള മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീധരന്‍പ്പിള്ളയുടെ വാക്കുകള്‍
ഭഗവാന്‍ എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ വാരിക്കോരി കൊടുക്കുന്ന കലിയുഗവരദനാണ്. എന്നാല്‍ കാലം എല്ലാവരോടും കണക്ക് ചോദിക്കും. കാലത്തിന്റെ കൈയില്‍ നിന്നും തിരിച്ചടി കിട്ടാത്ത ഒരാള്‍ പോലും ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്നവരില്‍ ഇല്ല. ദില്ലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നിയമരംഗത്തെ ഒരു ഉന്നതന്‍ പയ്യന്നൂരില്‍ വന്ന് പാപപരിഹാരത്തിനായി കര്‍മ്മങ്ങള്‍ ചെയ്ത് തൊട്ടപ്പുറത്തുള്ള തളിപ്പറമ്പ് ക്ഷേത്രത്തില്‍ പോയി വഴിപാട് നടത്തിയത് എനിക്കറിയാം. ഇതു കൂടാതെ മറ്റുള്ള മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍… എന്തിനധികം പറയുന്നു, ഏറ്റവും ഗ്ലാമറുള്ള പൊലീസ് ഉദ്യോഗസ്ഥന്‍. പേരു പറയുന്നില്ല. ഇപ്പോള്‍ ഏറ്റവും വലിയ ക്രിമിനലായ ഒരുത്തന്റെ കൂടെ വാളും പിടിച്ചു നില്‍ക്കുന്ന ഫോട്ടോ വന്നപ്പോള്‍ ക്ലൈമാക്‌സില്‍ നിന്നും ആന്റി ക്ലൈമാക്‌സിലേക്ക് കാര്യങ്ങള്‍ വന്നിരിക്കുന്നു. ഇതാണ് ശബരിമലയുടെ കാര്യം ഒരോരുത്തരുടെ കാര്യവും എടുത്തു നോക്കിക്കോള്ളൂ എല്ലാവരും മറുപടി പറയേണ്ടി വന്നിരിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനികളായ അഞ്ച് പേരുടെ കാര്യം മാത്രമാണ് ഞാന്‍ വ്യക്തമായി അന്വേഷിച്ചറിഞ്ഞ് ഇവിടെ പറയുന്നത്.