തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസിൽ തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കും. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളും പൊലിസ് ഉദ്യോഗസ്ഥനും പ്രതികളായ തട്ടിപ്പ് നടന്ന് നാലര വർഷം കഴിഞ്ഞ ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. ആറു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.
പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത തന്നെ തർക്കുന്നതായിരുന്നു എസ്എഫ്ഐ നേതാക്കൾ നടത്തിയ ഹൈ ടെക് കോപ്പിയടി. 2018 ജൂലായിൽ നടന്ന കോൺസ്റ്റബിൾ പരീക്ഷ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായ ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവർക്ക് ലഭിച്ചത് ഉയർന്ന റാങ്ക്. ഒന്നും രണ്ടും 28ാം റാങ്കുമായിരുന്നു പ്രതികൾക്ക്. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിന് പിന്നാലെയാണ് എസ്എഫ്ഐ നേതാക്കളുടെ ഹൈ ടെക് കോപ്പിയടി പുറത്തായത്. പരീക്ഷ എഴുതിയവർ കെട്ടിയിരുന്ന സ്മർട്ട് വാച്ചു വഴിയായിരുന്നു കോപ്പിയടി. പ്രണവാണ് രഹസ്യമായി കൈയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യ പേപ്പർ ഫോട്ടോയെടുത്ത് പുറത്തുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് അയച്ചത്. സംസ്കൃത കോളജിലിരുന്ന എസ്ഫ്ഐ നേതാക്കളുടെ സുഹൃത്തുക്കളായ പ്രവീൺ, സഫീർ, പൊലിസുകാരൻ ഗോകുൽ എന്നിവർ ചേർന്ന് ഉത്തരങ്ങൾ സന്ദേശങ്ങളായി സ്മാർട്ട് വാച്ചിലേക്ക് അയച്ചു. പരീക്ഷ ഹാളിൽ ജോലി ചെയ്തിരുന്ന മൂന്ന് അധ്യാപകരെ ക്രൈം ബ്രാഞ്ച് പ്രതിയാക്കിയിരുന്നുവെങ്കിലും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി.
ഇവർക്കെതിരെ വകുപ്പ്തല നടപടിക്ക് സർക്കാറിന് സമർപ്പിക്കും. മുൻ എസ്എഫ്ഐ നേതാക്കൾ പ്രതിയായ കേസിൽ അന്വേഷണമെല്ലാം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാതെ നീട്ടികൊണ്ടുപോവുകയായിരുന്നു. ഫൊറൻസിക് പരിശോധന ഫലം വൈകുന്നുവെന്നായിരുന്നു പൊലിസ് ചൂണ്ടികാട്ടിയ ഒരു കാരണം. ഫൊറൻസിക് ഫലങ്ങൾ ലഭിച്ച ശേഷം പ്രതിയായ പൊലിസുകാരൻ ഗോകുലിനെതിരെ പ്രോസിക്യൂഷൻ അനുമതി തേടിയപ്പോഴും ആറുമാസത്തിലധികം ആഭ്യന്തരവകുപ്പ് അനുമതി നൽകുന്നത് വൈകിപ്പിച്ചു. കുറ്റപത്രം നീട്ടികൊണ്ടുപോകുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് കഴിഞ്ഞ മാസം പ്രോസിക്യൂഷൻ അനുമതി നൽകിയത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജലീൽതോട്ടത്തിലാണ് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകുന്നത്.