നേമം: പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട് റിമാൻഡിലായ സഹോദരങ്ങളെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പൂജപ്പുര പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിശദമായ തെളിവെടുപ്പ് നടത്തുന്നതിനാണിത്. നേമം മേലാംകോട് സ്വദേശികളായ അമല്‍ജിത്ത് (32), അഖില്‍ജിത്ത് (29) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇവര്‍ നേമം കുരുമി ഭാഗത്താണ് താമസിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ നടന്ന പൂജപ്പുരയിലെ ചിന്നമ്മ മെമ്മോറിയല്‍ എയ്ഡഡ് സ്‌കൂളില്‍ സ്‌ക്വാഡ് പരിശോധനക്കിടെയാണ് സംഭവം. ഇവിടെ ആറാംനമ്പര്‍ ക്ലാസ് മുറിയില്‍ അമൽജിത്തിനു പകരം എത്തിയത് സഹോദരൻ അഖിൽജിത്തായിരുന്നു. സ്‌ക്വാഡ് ബയോമെട്രിക് സംവിധാനത്തിലൂടെ ഉദ്യോഗാർഥികളെ പരിശോധിക്കുന്നതിനിടെ പരിഭ്രാന്തനായ അഖില്‍ജിത്ത് ഹാളില്‍നിന്ന് രക്ഷപ്പെട്ടു. വഴിയിൽ കാത്തുനിന്ന സഹോദരൻ അമൽജിത്തിന്റെ ബൈക്കിൽ കയറി പോകുകയും ചെയ്തു. ഇതോടെയാണ് പരീക്ഷക്കിടെ ആള്‍മാറാട്ടം നടന്നതായി വ്യക്തമായത്.ഗത്യന്തരമില്ലാതായതോടെ ഇരുവരും വെള്ളിയാഴ്ച വൈകീട്ട് വഞ്ചിയൂര്‍ കോടതിയില്‍ കീഴടങ്ങുകയും പൂജപ്പുര പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പൂജപ്പുര സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി പൊലീസ് ഇവരുടെ നേമത്തെ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. റിമാൻഡ് പ്രതികളെ പരീക്ഷ നടന്ന പൂജപ്പുരയിലെ സ്കൂളിലും നേമത്തെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും എന്നാണ് സൂചന.