ഹൈദരാബാദ്: തെലങ്കാന സർക്കാറിനെതിരെയും ബിആർഎസിനെതിരെയും സമരം സംഘടിപ്പിക്കാൻ ബിജെപിയെയും കോൺഗ്രസിനെയും ക്ഷണിച്ച് വൈ എസ് ശർമിള. തെലങ്കാനയിൽ ബിആർഎസിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപിയുടെയും കോൺഗ്രസിന്‍റെയും പിന്തുണയാണ് ശർമിള തേടിയത്. ‘സിഎം ഹൗസ് മാർച്ച്’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സംയുക്തമായി മാർച്ച് നടത്താനാണ് ശർമിള ആഹ്വാനം ചെയ്തത്. സമരവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ ബണ്ടി സഞ്ജയിനെയും കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും ശർമിള ഫോണിൽ വിളിച്ചു. തെലങ്കാന പിഎസ്‍സി ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചാണ് ശർമിള ‘സിഎം ഹൗസ് മാർച്ച്’ പ്രഖ്യാപിച്ചത്.
അമ്പത്തിയയ്യായിരത്തോളം പേർ അപേക്ഷിച്ച ടെക്നിക്കൽ എൻജിനിയർ പരീക്ഷയുടെ ചോദ്യപ്പേപ്പർ ഉദ്യോഗസ്ഥർ ചോർത്തി എന്നാണ് ആരോപണം. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമുണ്ടായി. സമരത്തിനിടെ വൈ എസ് ശർമിളയെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ വസതിയായ പ്രകൃതിഭവനിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. എന്നാൽ കോൺഗ്രസും ബിജെപിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തെലങ്കാനയിൽ രാഷ്ട്രീയ അടിത്തറയൊരുക്കുകയാണ് വൈ എസ് ശർമിളയുടെ ലക്ഷ്യം. ആന്ധ്രമുഖ്യമന്ത്രി വൈ എസ് ജഗമോഹൻ റെഡ്ഡിയുടെ സഹോദരിയാണ് ശർമിള.