തിരുവനന്തപുരം: പി.ടി 7 (ധോണി) ആനക്ക് പിടിയിലാകുമ്പോൾത്തന്നെ കാഴ്ച മങ്ങലുണ്ടായിരുന്നുവെന്ന് വനംവകുപ്പ്. അപ്പോൾത്തന്നെ കാഴ്ച പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിരുന്നു.പിടികൂടുമ്പോൾ അക്രമാസക്തനായിരുന്നതിനാലും പിന്നീട് കൂട്ടില്‍ ഇടേണ്ടി വന്നതിനാലും അന്ന് കൃത്യമായ ചികിത്സ നല്കാന് സാധിക്കുമായിരുന്നില്ലെന്നും വനംമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗത്തിൽ ചീഫ് വെറ്ററിനറി സര്ജന് അരുണ്‍ സഖറിയ അറിയിച്ചു.
പിടികൂടി ഒരാഴ്ചക്കകം തന്നെ ആന്റി ബയോട്ടിക്കും കണ്ണിനുള്ള തുള്ളി മരുന്നുകളും നല്കി. കോര്‍ണിയ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ലെന്‍സിന് തെളിച്ചം വന്നിട്ടില്ല. ആനയെ കിടത്തി ഓഫ്താല്‍മിക് പരിശോധനകള്‍ നടത്തി തുടര്‍ചികിത്സ നല്‍കണം. എന്നാല്‍ ആനയുടെ തുടര്‍ജീവിതത്തിന് ഈ പ്രശ്നം തടസ്സമല്ലെന്നും അരുണ്‍ സഖറിയ യോഗത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേർന്നത്.
തിരുനെൽവേലി വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അത് മറ്റ് ആനക്കൂട്ടങ്ങള്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ടെന്നും തമിഴ്നാട് അറിയിെച്ചന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ സൂചിപ്പിച്ചു. ആന നില്ക്കുന്ന സ്ഥലം സാറ്റലൈറ്റ് നിരീക്ഷണ സംവിധാനം വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വാളയാറില്‍ കൂട്ടം തെറ്റി വന്ന കുട്ടിയാന ആരോഗ്യവാനാണ്. ഇത് വനത്തിൽത്തന്നെ വേലിക്ക് അകത്താണുള്ളത്. അതിനെ നിരീക്ഷിക്കുന്നതിന് ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
തൃശൂര്‍ ചേലക്കരയില്‍ കാട്ടാന കൊല്ലപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു.വിദഗ്ധ ചികിത്സക്ക് കേരളത്തിലെ ആനകളെ ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും ഉള്ള വാര്‍ത്തകള്‍ യോഗം നിഷേധിച്ചു. ആനകള്‍ക്കുള്ള വിദഗ്ധ ചികിത്സ കേരളത്തിൽത്തന്നെ ലഭ്യമാണ്. ഇതിന് മറ്റ് സംസ്ഥാനത്തേക്ക് പോകേണ്ട ആവശ്യം ഇല്ലെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ വനം-വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, മുഖ്യവനം മേധാവി ബെന്നിച്ചന് തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗാസിങ്, വനം വിജിലന്‍സ് മേധാവി പ്രമോദ് ജി കൃഷ്ണ്, ബന്ധപ്പെട്ട ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍, ഡി.എഫ്.ഒ, ചീഫ് വെറ്ററിനറി സര്ജന് അരുണ്‍ സഖറിയ തുടങ്ങിയവര്‍ പങ്കെടുത്തു.