പാലക്കാട് : പാലക്കാട് ധോണിയെ വിറപ്പിച്ച കൊമ്പൻ പിടി സെവൻ വീണ്ടും കാഴ്ചയുടെ ലോകത്തേക്ക്. രണ്ട് വശത്തുമുള്ളവരെ തിരിച്ചറിയാൻ ആനയ്ക്ക് കഴിയുന്നുണ്ട്. പി ടി സെവന്റെ കാഴ്ച തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വന്യജീവി സംരക്ഷണ വാരാഘോഷത്തിന്റെ ഭാഗമായി ധോണിയിൽ ആന ക്യാമ്പ് സന്ദർശിച്ച വനം മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു.
പിടി 7 ന്റെ കണ്ണുകളെ ബാധിച്ച തിമിരം മെല്ലെ കുറയുന്നുണ്ട്. കാട് കുലുക്കി നടന്ന പഴയ കൊമ്പനല്ല. പാപ്പന്റെ ചട്ടത്തിന് അനുസരണയോടെ തല കുലുക്കുന്ന നല്ല നാട്ടനയായി മാറി വരുന്നു. രണ്ട് വശത്തുള്ളവരെ തിരിച്ചറിയാനും കഴിയുന്നു.
ആന ക്യാമ്പിൽ വെറ്റിനറി ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. വനം വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി പാപ്പന്മാരെയും ആദരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.നാല് വർഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്കർ സെവൻ എന്ന പിടി 7. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അമ്പത് മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു. മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിച്ചത്. ധോണി എന്നാണ് പിടി 7ന് വനം മന്ത്രി നൽകിയ ഔദ്യോഗിക പേര്.