തിരുവനന്തപുരം> അരനൂറ്റാണ്ടുകാലം ഉമ്മൻചാണ്ടിയുടെ സജീവതയറിഞ്ഞ സെക്രട്ടറിയേറ്റിനുള്ളിലേക്ക് തിങ്കളാഴ്‌ച അദ്ദേഹം വീണ്ടുമെത്തി. ദേശീയപതാക താഴ്‌ത്തിക്കെട്ടിയ ദർബാർ ഹാളിന് കീഴിലെ വലിയ വാതിൽ കടന്ന് നിശ്ചേതനായെത്തിയ നേതാവിനെ അവസാനമായി കാണാൻ ഹാളിനുള്ളിലും പുറത്തുമായി ആയിരങ്ങളും.
തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന് ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ദർബാർ ഹാളിന് മുന്നിലെത്തുമ്പോൾ സമയം ഏഴ് കഴിഞ്ഞിരുന്നു. നിശ്ചയിച്ചതിലും ഏറെ വൈകിയിട്ടും യാത്രാമൊഴി നൽകാനെത്തിയവർ അക്ഷമരായി കാത്തുനിൽപ്പുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാർ, മേയർ, എംഎൽഎമാർ, എംപിമാർ തുടങ്ങി നിരവധി പ്രമുഖരും കോൺഗ്രസ് പ്രവർത്തകരുമെല്ലാം ഉമ്മൻചാണ്ടിയുടെ അവസാനവരവും കാത്ത് ദർബാർ ഹാളിലുണ്ടായിരുന്നു.
ചിരിക്കുന്ന ഛായാചിത്രത്തിന് പിന്നിലൊരുക്കിയ പൂക്കൾ വിതറിയ മഞ്ചത്തിലേക്ക് മൃതദേഹം ഇറക്കി വെക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യം വിളിയുയർന്നു. ഒരു മണിക്കൂറാണ് ഇവിടെ പൊതുദർശനം നിശ്ചയിച്ചതെങ്കിലും രണ്ട് മണിക്കൂർ പിന്നിട്ട ശേഷമാണ് മൃതദേഹം പുറത്തേയ്‌ക്കെടുത്തത്.
ഉമ്മൻചാണ്ടി സ്ഥിരമായി പോയിരുന്ന പാളയം സെന്റ് ജോർജ് കത്തീഡ്രലിലേക്ക് കൊണ്ടുപോയി. നിരവധിയാളുകൾ ഇവിടെയും അന്ത്യാഞ്ജലിയർപ്പിച്ചു. രാത്രി വൈകിയാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ എത്തിയത്. പൊതുദർശനത്തിന് ശേഷം രാത്രി ഏറെ വൈകി മൃതദേഹം പുതുപ്പള്ളി ഹൗസിലേക്ക് തിരികെ കൊണ്ടുപോയി. പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം രാവിലെ ഏഴോടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തേയ്‌ക്ക് തിരിക്കും.