കോഴിക്കോട്: ജില്ലയിൽ പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തി. മൂന്നു ദിവസത്തെ ശരാശരി കോവിഡ് രോഗനിരക്ക് 30 ശതമാനത്തിൽ കൂടുതലായതിനാലാണ് ഇത്. മതപരമായ പരിപാടികൾക്കും ഇത് ബാധകമാണെന്ന് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. എല്ലാ സർക്കാർ, അർധ സർക്കാർ സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈൻ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താവൂ.
ബീച്ചുകളിലേക്കുള്ള പൊതുജന പ്രവാഹം നിയന്ത്രിക്കാനും ഹോട്ടലുകളിലും മാളുകളിലുമുള്ള കൂടിച്ചേരൽ നിയന്ത്രിക്കാനും നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവികളെ ചുമതലപ്പെടുത്തി.ഹോട്ടലുകളിലും റസ്റ്റാറന്‍റുകളിലും ഇരിക്കാവുന്നതിന്‍റെ പകുതിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കും. ഇതിനായി സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന നടത്താൻ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. നിന്നുകൊണ്ടുള്ള ബസ് യാത്ര അനുവദനീയമല്ല. നിയമങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.