കൊല്‍ക്കത്ത: ഈ വര്‍ഷത്തെ രാമ നവമിക്ക് പൊതു അവധി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇത് ആദ്യമായാണ് രാമ നവമിക്ക് ബംഗാള്‍ സര്‍ക്കാര്‍ ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്നത്. ഏപ്രില്‍ 17നാണ് രാമ നവമി. ഇന്ന് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് മുന്നോടിയായാണ് മമത സര്‍ക്കാരിന്റെ പ്രഖ്യാപനം.
കഴിഞ്ഞ വര്‍ഷം രാമ നവമി സമയത്ത് ബംഗാളില്‍ അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിലാണ് സംഘര്‍ഷങ്ങളുണ്ടായത്. മാര്‍ച്ച് 30ന് ഹൗറയില്‍ രാമ നവമി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. ദിവസങ്ങള്‍ക്ക് ശേഷം, ഏപ്രില്‍ രണ്ടിന് ഹൂഗ്ലിയില്‍ ബിജെപി നടത്തിയ ശോഭ യാത്രയ്ക്കിടെയിലും അക്രമങ്ങളുണ്ടായി. ജനങ്ങള്‍ക്ക് ഒത്തുകൂടാനും മതപരമായ ഘോഷയാത്രകള്‍ നടത്താനുമുള്ള അവകാശം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ആരോപിച്ച് അന്ന് ബിജെപി രംഗത്തെത്തിയിരുന്നു.
അതേസമയം, ഇന്നത്തെ കൊല്‍ക്കത്തയിലെ റാലിയോടെ തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭാ പ്രചാരണത്തിന് തുടക്കം കുറിക്കുകയാണ്. ‘ജന ഗര്‍ജന്‍ സഭ’ എന്നാണ് റാലിക്ക് പേരിട്ടിരിക്കുന്നത്. മമത ബാനര്‍ജി, ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി തുടങ്ങിയവര്‍ പരിപാടിയിലെ മുഖ്യ പ്രഭാഷകരായിരിക്കും. ‘ഏറെക്കാലത്തിന് ശേഷമാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ റാലി സംഘടിപ്പിക്കുന്നത്. ഇതൊരു ചരിത്ര സംഭവമായിരിക്കും. മമത ബാനര്‍ജി നല്‍കുന്ന സന്ദേശം പശ്ചിമ ബംഗാളിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കും. സംസ്ഥാനത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കുമെന്നും ടി.എം.സി നേതാവ് ഫിര്‍ഹാദ് ഹക്കിം അഭിപ്രായപ്പെട്ടു.