തൃശ്ശൂർ: വിഷുക്കൈനീട്ടം നൽകാൻ പൊതുജനങ്ങളിൽ നിന്നും പണം വാങ്ങരുതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കായിട്ടാണ് ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വിഷുക്കൈനീട്ടത്തിനെന്ന പേരിൽ പൊതുജനങ്ങളിൽ നിന്നും പണം ശേഖരിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രങ്ങളിലെത്തിയിരുന്ന ചിലർ വിഷുനാളിൽ കൈനീട്ടം വിതരണം ചെയ്യാനായി പണം കൈമാറുന്നത് സംബന്ധിച്ചും ആക്ഷേപമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബോർഡ് ഇത് സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, തൃശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കമിടുന പൂരവിളംബരത്തിന് ഇത്തവണയും തിടമ്പേറ്റുക കൊമ്പൻ എറണാകുളം ശിവകുമാർ തന്നെ എന്ന് തീരുമാനമായി. ദേവസ്വം ബോർഡിന്റെ സ്വന്തം ആനയായ എറണാകുളം ശിവകുമാറിനെ തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിൽ എഴുന്നള്ളിക്കാൻ തീരുമാനിച്ചു. നെയ്തലക്കാവ് ദേവസ്വത്തിന് വേണ്ടിയാണ് കൊമ്പനെ എഴുന്നെള്ളിക്കുക. പൂരവിളംബരമായ വടക്കുന്നാഥന്റെ തെക്കേഗോപുര വാതിൽ തള്ളി തുറക്കുന്ന ചടങ്ങ് നിർവഹിക്കാനാണ് എല്ലാവർഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാറ്. കൊവിഡിന് മുമ്പുള്ള 2019 ലെ പൂരത്തിന് രാമചന്ദ്രനാണ് തെക്കേ ഗോപുര നട തള്ളിത്തുറന്നത്.