തിരുവനന്തപുരം : വീടില്ലാത്ത പതിനായിരങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതമായി വൈകുന്നു. അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവേയും ഇതോടൊപ്പം വൈകും. അപേക്ഷകളുടെ പരിശോധന നടത്തുന്നതിന് മറ്റു വകുപ്പുകളിൽ നിന്ന് ഉദ്യോഗസ്ഥരെ ലഭിക്കാത്തതാണ് പട്ടിക വൈകാൻ കാരണം. ഇതേ തുടർന്ന് മറ്റു വകുപ്പുകൾ കർമ്മ പദ്ധതിയുമായി സഹകരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരെ നിശ്ചയിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.
2021 ഡിസംബറിനകം ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. പിന്നീട് വീണ്ടും നീട്ടി. നാലു മാസം കഴിഞ്ഞിട്ടും പട്ടിക പ്രസിദ്ധീകരിക്കാനായിട്ടില്ല. കൃഷി അസിസ്റ്റന്റ് ഉൾപ്പെടെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വിട്ടു കിട്ടിയ വകുപ്പുകളിലെ ജീവനക്കാരെ ഉപയോഗിക്കാനായിരുന്നു തീരുമാനം. ലഭിച്ച അപേക്ഷകളിൽ അർഹതാ പരിശോധന നടത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ മറ്റു വകുപ്പുകളിൽ നിന്നും ജീവനക്കാരെ വിട്ടു കിട്ടാത്തതിനാൽ ഗുണഭോക്തൃ പട്ടിക തയാറാക്കാനായില്ല. സർക്കാർ നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ പട്ടിക തയാറാക്കാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർമാരും ലൈഫ് മിഷനും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തി ജില്ലാ തല വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താൻ ജില്ലാ കളക്ടർമാരെ സർക്കാർ ചുമതലപ്പെടുത്തി. കൂടാതെ പഞ്ചായത്തുകളിലേക്കും മുൻസിപ്പാലിറ്റികളിലേക്കും വിട്ടുകൊടുത്ത ജീവനക്കാർ പഞ്ചായത്തു ജീവനക്കാരായി തന്നെ ചുമതലകൾ നിറവേറ്റണമെന്നും സർക്കാർ ഉത്തരവിറക്കി. ആശാ വർക്കർമാർ, ട്രൈബൽ അനിമേറ്റേഴ്‌സ്, സാക്ഷരതാ പ്രേരകുമാർ എന്നിവരുടെ സേവനം ഉറപ്പാക്കണം. എല്ലാ വകുപ്പുകളും സർക്കാരിന്റെ കർമ്മ പദ്ധതിയുമായി സഹകരിക്കണം. ഇതനുസരിച്ച് ലൈഫ് മിഷന്റെ ഗുണഭോക്തൃ പട്ടികയും അതിദരിദ്രരുടെ സർവേയും സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് പുതിയ നിർദ്ദേശം.