പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തിൽ ഒരാളെ കൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരൻ ചന്ദ്രശേഖരന് (കണ്ണൻ) ആണ് അറസ്റ്റിലായത്. ഇടുക്കി ആനവിലാസത്ത് നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
സംഭവത്തിൽ തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് മൂഴിയാർ പൊലീസ് കേസെടുത്തത്. വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്, സാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസും വനം വകുപ്പും കേസെടുത്തതോടെ നാരായണൻ ഒളിവിലാണ്. ഇയാളടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്നാട്ടില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. പൊലീസിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്.അതേസമയം, സംഭവം നടന്ന ദിവസം പ്രതികൾ കാടിനുള്ളിലൂടെയാണ് പൊന്നമ്പലമേട്ടിലേക്കെത്തിയതെന്ന് അറസ്റ്റിലായ രാജേന്ദ്രനും സാബുവും മൊഴി നൽകി. കെഎഫ്ഡിസി ജീവനക്കാരയ ഇവർക്ക് നാരയണനെ പരിചയപ്പെടുത്തിയത് കുമളി സ്വദേശി കണ്ണന് എന്ന് വിളിക്കുന്ന ചന്ദ്രശേഖരനാണ്. സാമ്പത്തിക ഇടപാടുകൾക്കടക്കം ഇടനില നിന്നതും ചന്ദ്രശേഖരന് തന്നെയാണ്. ഒളിവിലായിരുന്ന ചന്ദ്രശേഖരനെ ഇടുക്കിയില്‍ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.