ചെന്നൈ : തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിന് 50 കാരനായ പുരോഹിതൻ അറസ്റ്റിൽ. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോസ്‌കോ) 2012, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമം 2000 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
യുഎസ് ആസ്ഥാനമായുള്ള ഒരു എൻജിഒയിൽ നിന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള എൻജിഒയായ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംഇസി) ആണ് പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു. എൻസിഎംഇസി ഉള്ളടക്കം കണ്ടെത്തി ഇന്ത്യൻ അധികൃതരെ അറിയിച്ചു. എൻസിഎംഇസിയുടെ പരാതിയെത്തുടർന്ന് തിരുപ്പൂർ പോലീസ് പ്രതിയുടെ ഐപി വിലാസവും ഫോൺ നമ്പറും ഉപയോഗിച്ച് പ്രതിയെ കണ്ടെത്തി.
ജില്ലയിലെ ക്ഷേത്ര പൂജാരി വി.വൈത്യനാഥനാണ് പിടിയിലായത്. ഇയാളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. പോക്സോ ഉൾപ്പെടെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്ഷേത്ര പൂജാരി ഫെയ്സ്ബുക്കിൽ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം അപ്ലോഡ് ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി.