കൊച്ചി : എഎസ്ഐയെ കുത്തിയ കേസിൽ അറസ്റ്റിലായ വിഷ്ണു നടിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് കണ്ടെത്തൽ. ഇയാൾ പൾസർ സുനിയുടെ സഹതടവുകാരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജയിലിൽ വെച്ച് പൾസർ സുനി നടൻ ദിലീപിന് എഴുതിയ കത്ത് എത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്നത് വിഷ്ണുവിനെയാണ്. കേസിൽ അന്ന് അറസ്റ്റിലായ വിഷ്ണുവിനെ വിചാരണയുടെ വേളയിൽ മാപ്പുസാക്ഷി ആക്കിയിരുന്നു. വിഷ്ണു തന്നെയാണ് എളമക്കര സ്റ്റേഷൻ പരിധിയിൽ എ.എസ്.ഐ. ഗിരീഷ്കുമാറിനെ കുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. 18 കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് പറയുന്നു. എ.എസ്.ഐയെ ആക്രമിച്ച കേസിൽ അറസ്റ്റിലാകുമ്പോൾ ബിച്ചു എന്നാണ് ഇയാളുടെ പേരെന്നാണ് പുറത്തുവന്ന വിവരം.എന്നാൽ പിന്നീടാണ് ഇയാൾ നടിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും യഥാർത്ഥ പേര് വിഷ്ണു എന്നാണെന്നും പോലീസ് കണ്ടെത്തിയത്. ഇയാളുടെ മറ്റ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടെ കൂടുതൽ അന്വേഷണം നടക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എച്ച്. നാഗരാജു അറിയിച്ചു.
കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന സമയത്താണ് പൾസർ സുനിയും വിഷ്ണുവും തമ്മിൽ അടുത്ത ബന്ധമുണ്ടാകുന്നത്. ഇതിനേത്തുടർന്നാണ് പൾസർ സുനി ദിലീപിനെഴുതിയ കത്ത് വിഷ്ണു വഴി പുറത്തെത്തിച്ചതും പിന്നീട് ദിലീപിന്റെ ഡ്രൈവറെ ഇയാൾ ബന്ധപ്പെട്ടതും. ഇതിന് ശേഷമാണ് ഇയാൾ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ ഇടപള്ളിയിൽ നിന്നും വാഹനം മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണു പോലീസിനെ അക്രമിച്ചത്. സംഭവസ്ഥലത്തു വെച്ചുതന്നെ മറ്റു പോലീസുകാർ വിഷ്ണുവിനെ കീഴടക്കി അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ. ഗിരീഷ് കുമാർ ചികിത്സയിലാണ്.