പത്തനംതിട്ട : പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിർവഹിക്കും. കൊവിഡ് സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കൊവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പോളിയോ മരുന്ന് വിതരണം ചെയ്യുക. കേരളത്തിലെ അഞ്ചു വയസുവരെയുള്ള 24,36,298 കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോ നൽക്കാനാണ് തീരുമാനം. ഇതിനായി 24,614 ബൂത്തുകൾ സജീകരിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവർത്തന സമയം. പോളിയോ ബൂത്തുകളിൽ എത്താൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും. 5 വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്നും ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു.