പുനെ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് കുടിച്ച് തീർക്കുന്നത് കോടികളുടെ മദ്യമാണ്. ആഘോഷങ്ങൾ കൊഴിപ്പിക്കാനെല്ലാം മദ്യം നിർബന്ധമാണ്. അങ്ങനെയിരിക്കെ ഇതിൽ നിന്നെല്ലാം മാറി 2022 ന്റെ തുടക്കം വ്യത്യസ്തമായി ആഘോഷിക്കുകയാണ് പൂനെ സ്വദേശിയായ യുവാവ്. തെരുവില്‍ പാല്‍ വിതരണം ചെയ്താണ് അരുൺ ഈ വർഷം വ്യത്യസ്തമാക്കുന്നത്.
മദ്യം ഒഴിവാക്കൂ പാൽ കുടിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ് അരുൺ യുവാക്കൾക്കിടയിൽ ബോധവൽക്കരണം നടത്തിയത്. അതിനായി രാവണന്റെ വേഷമാണ് അരുൺ തിരഞ്ഞെടുത്തത്.
രാവണന്റെ വേഷം കെട്ടി അരുൺ തെരുവിലിറങ്ങി. ആളുകൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന രാവണനെ പുറത്തെടുക്കണമെന്നാണ് ഈ വേഷം ധരിച്ചതിനെക്കുറിച്ച് അരുൺ പറയുന്നത്. മദ്യപാനം കാരണം നിരവധി കുടുംബങ്ങളാണ് തകരുന്നതെന്ന ആശങ്കയും സന്നദ്ധപ്രവർത്തകനായ അരുൺ പങ്കുവയ്ക്കുന്നു. പുതുവർഷം സമാധാനത്തോടെ ആഘോഷിക്കേണ്ടതാണെന്നിരിക്കെ മദ്യപാനം വർദ്ധിക്കുന്നത് ഈ ദിവസമാണെന്നും അരുൺ പറഞ്ഞു.