കൊച്ചി: കോടതിയിൽ കുറ്റസമ്മതം നടത്തിയതിന്റെ പേരിൽ ശിക്ഷ കുറക്കരുതെന്നും കുറ്റകൃത്യത്തിന് അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഹൈകോടതി.
മാരകായുധമുപയോഗിച്ച് ഗുരുതരമായി മുറിവേൽപിക്കൽ, അന്യായമായി തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളിലെ പ്രതിക്ക് കുറ്റസമ്മതം നടത്തിയതിന്റെ പേരിൽ കുറഞ്ഞ ശിക്ഷ വിധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് പി. സോമരാജന്റെ നിരീക്ഷണം.
തിരൂർ സ്വദേശി അഷ്റഫിന് തിരൂർ മജിസ്ട്രേറ്റ് കോടതി കുറഞ്ഞ ശിക്ഷ വിധിച്ചത് ചോദ്യംചെയ്ത് അക്രമത്തിനിരയായ തിരൂർ സ്വദേശി ചേക്കുട്ടി നൽകിയ ഹരജി ഭാഗികമായി അനുവദിച്ച സിംഗിൾ ബെഞ്ച്, വീണ്ടും വിഷയം പരിഗണിച്ച് തീരുമാനമെടുക്കാൻ വിചാരണക്കോടതിയിലേക്ക് മടക്കി അയച്ചു.












