ചണ്ഡീഗഢ് : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിലുള്ള എതിർപ്പ് പ്രകടമാക്കി പഞ്ചാബിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജഗ്മോഹൻ സിങ് കാങ് കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നു. ജഗ്മോഹൻ സിങ് കാങിനൊപ്പം അദ്ദേഹത്തിന്റെ മക്കളായ യതീന്ദ്ര സിങ് കാങ്ങും അമരീന്ദർ സിങ് കാങ്ങും എഎപിയിൽ ചേർന്നിട്ടുണ്ട്. മൊഹാലി ജില്ലയിലെ ഖരാർ നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ജഗ്മോഹൻ സിങ് കാങ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും പാർട്ടി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയായിരുന്നു.
വിജയ് ശർമയെ ആണ് കോൺഗ്രസ് ഖരാറിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. തുടർന്നാണ് ഇതിൽ പ്രതിഷേധിച്ച് ജഗ്മോഹൻ സിങ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയാണ് ഖരാറിലെ തന്റെ സ്ഥാനാർഥിത്വത്തെ എതിർത്തെന്ന് അദ്ദേഹം ആരോപിച്ചു. സീറ്റ് നിഷേധിച്ചാൽ ഖരാറിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് നേരത്തെ ജഗ്മോഹൻ സിങ് കാങ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് എഎപിയിൽ ചേർന്നുവെന്ന ജഗ്മോഹന്റെ പ്രഖ്യാപനം. 2002-07ലെ അമരീന്ദർ സിങ് സർക്കാറിലെ മൃഗസംരക്ഷണം, ക്ഷീരവകുപ്പ്, മത്സ്യബന്ധനവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു ജഗ്മോഹൻ സിങ് കാങ്. ഫെബ്രുവരി 20നാണ് പഞ്ചാബിലെ 117 നിയോജക മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 10നാണ് വോട്ടെണ്ണൽ.