കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഒത്തുകളി ആരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വികെ സജീവൻ. കേസിലെ ക്രൈം ബ്രഞ്ച് അന്വേഷണം കദന കഥകൾ മെനഞ്ഞ് പ്രതികളെ സംരക്ഷിക്കുകയാണ്. കേസിൽ സിബിഐ അന്വേഷണം ആവശ്യമാണ്. ഇതിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ രംഗത്തെ ഉന്നതർക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കോർപറേഷന്, പഞ്ചാബ് നാഷണൽ ബാങ്ക് മുഴുവൻ പണവും തിരികെ നൽകാൻ തീരുമാനിച്ചതിന് പിന്നാലെ അറസ്റ്റ് നടന്നു. അതുവരെ അറസ്റ്റുണ്ടായില്ല. ഇതിൽ ദുരൂഹതയുണ്ട്. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കാൻ വേണ്ടയാണ് റിജിൽ തട്ടിപ്പ് നടത്തിയതെന്ന കഥ മെനയുന്നു. ഇത്ര വലിയ തട്ടിപ്പ് ആയിട്ടും കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കേസിൽ പഞ്ചാബ് നാഷണൽ ബാങ്കിനും വീഴ്ച ഉണ്ടായിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പുറത്ത് കൊണ്ടുവരണം. പണം തിരികെ കൊടുത്തു, റിജിൽ പാപ്പരാണ് തുടങ്ങിയ നിഗമനങ്ങളിലേക്കാണ് പൊലീസ് എത്തുന്നത്. പക്ഷെ റിജിൽ ബിനാമിയാണ്. റിജിലിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണമെന്ന് വികെ സജീവൻ ആവശ്യപ്പെട്ടു.