കോഴിക്കോട്∙ കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടിലുള്ള 2.5 കോടിയോളം രൂപ പഞ്ചാബ് നാഷനല്‍ ബാങ്ക് മാനേജര്‍ കവര്‍ന്നതായി സ്ഥിരീകരിച്ചു. നഷ്ടമായ തുക ഇന്നുതന്നെ തിരികെ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ലിങ്ക് റോഡ് ശാഖ മുന്‍ മാനേജര്‍ എം.പി.റിജിലിനെ സസ്പെന്‍ഡ് ചെയ്തു.98 ലക്ഷം രൂപ കവര്‍ന്നെന്നായിരുന്നു ബാങ്കിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ, 2.53 കോടി രൂപ നഷ്ടപ്പെട്ടെന്ന നിലപാടില്‍ കോര്‍പറേഷന്‍ ഉറച്ചുനിന്നു. തുടര്‍ന്ന് ബാങ്ക് നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് 2.5 കോടിയോളം രൂപ എം.പി.റിജില്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് നഷ്ടമായ മുഴുവന്‍ തുകയും തിരിച്ചുനല്‍കുന്നത്.
എം.പി.റിജില്‍ മാനേജരായിരുന്ന സമയത്താണ് ക്രമക്കേട് നടന്നത്. നിലവിലെ മാനേജരും കോര്‍പറേഷന്‍ സെക്രട്ടറിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റിജിലിനെതിരെ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു. വിശ്വാസ വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അക്കൗണ്ട് രേഖകള്‍ പരിശോധിച്ചശേഷം റിജിലിനെ അറസ്റ്റു ചെയ്യും. പണം തിരികെ കിട്ടാന്‍ വഴിയൊരുങ്ങിയെങ്കിലും കോര്‍പറേഷനെതിരെ ഗുരുതര ആരോപണമായി പ്രതിപക്ഷം രംഗത്തെത്തി. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബാങ്കില്‍ നിന്ന് പണമിടപാട് വിവരങ്ങള്‍ വാങ്ങണമെന്ന നിബന്ധന പോലും ഭരണസമിതി പാലിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പണം നഷ്ടമായതില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.