ചണ്ഡിഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. പട്യാല അർബൻ മണ്ഡലത്തിൽ നിന്നാണ് ക്യാപ്റ്റൻ ജനവിധി തേടുന്നത്. 22 മണ്ഡലങ്ങളിലേക്കുള്ള ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇന്ത്യൻ ഹോക്കി ടീം മുൻ നായകൻ അജിത് പാൽ സിങ് ഉൾപെടുന്നു.
ബി.ജെ.പി, ശിരോമണി അകാലിദൾ (സൻയുക്ത്) എന്നീ പാർട്ടികളുമായി സഖ്യത്തിലേർപെട്ട പി.എൽ.സിക്ക് 37 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. അമരീന്ദർ സിങ്ങിന് സ്വാധീനമുള്ള മാൽവ പ്രദേശത്താണ് പാർട്ടിക്ക് അനുദിച്ച 37ൽ 26 മണ്ഡലങ്ങളും. പി.എൽ.സിയുടെ സ്ഥാനാർഥിപട്ടികയിൽ ആകെ ഒരു വനിത മാത്രമാണുള്ളത്. മുൻ അകാലി ദൾ എം.എൽ.എയും അന്തരിച്ച പൊലീസ് തലവൻ ഇസ്ഹാർ ആലം ഖാന്റെ ഭാര്യയുമായ ഫർസാന ആലം ഖാനാണ് മലർകോട്ലയിൽ നിന്ന് മത്സരിക്കുന്നത്. എട്ട് ജാട്ട് സിക്കുകാർ, നാല് പട്ടിക വിഭാഗക്കാർ, മൂന്ന് ഒ.ബി.സി വിഭാഗക്കാർ, അഞ്ച് ഹിന്ദുക്കൾ എന്നിവരാണ് പി.എൽ.സി സ്ഥാനാർഥി പട്ടികയിലുള്ളത്.