പഞ്ചാബ് : പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടികള്‍. പഞ്ചാബില്‍ കോണ്‍ഗ്രസ് നയിക്കുന്ന പോരാട്ടം വരും തലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു. അമൃത്സറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സിദ്ദുവിന്റെ പ്രസ്താവന.
ഈ മാസം 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് വോട്ടെണ്ണും. പഞ്ചാബില്‍ ഇത്തവണ ആംആദ്മി പാര്‍ട്ടിക്കാകും മുന്‍തൂക്കമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേയിലാണ് ആംആദ്മി 55 മുതല്‍ 63 സീറ്റ് വരെ നേടുമെന്ന് പ്രവചനം.സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയെ അവതരിപ്പിച്ച കോണ്‍ഗ്രസിന് 24 മുതല്‍ 30 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ശിരോമണി അകാലിദള്‍ 20 മുതല്‍ 26 വരെ സീറ്റ് നേടും.
മൂന്ന് മുതല്‍ 11 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രണ്ട് മുന്‍നിര സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലാണെന്നും സര്‍വേ പറയുന്നു. 2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ്-77, ആംആദ്മി -20, ശിരോമണി അകാലിദള്‍ -15, ബിജെപി -3, എല്‍ഐപി -2 എന്നിങ്ങനെയായിരുന്നു വിജയം