കണ്ണൂര്: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ പിടിയിലായ ആർഎസ്എസ് പ്രവർത്തകൻ നിജിൽ കുമാറിന് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. കേസിൽ രണ്ടുപേരെ കൂടി പിടികൂടിയാൽ അന്വേഷണം പൂർത്തിയാകുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു.
അതേസമയം നിജിൽ കുമാർ ഒളിവിൽ കഴിഞ്ഞ പിണറായി പാണ്ട്യാലമുക്കിലെ വീടിന് നേരെ ബോബെറിഞ്ഞവരിൽ ആരെയും പിടികൂടാൻ പൊലീസിന് ആയില്ല. നിജിൽ കുമാറിനെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്ത് രേഷ്മയ്ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ഹരിദാസിനെ കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ സിപിഎം ശക്തി കേന്ദ്രമായ പിണറായിയിൽ ഒളിച്ച് താമസിച്ച സംഭവത്തിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്.