തൃശൂര്‍: തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ട്നിരക്ക് വർധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് എന്തിനാണ് പിടിവാശിയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തിൽ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും എന്താണ് ഇടപെടാത്തതെന്നും ഗ്രൗണ്ട് സൗജന്യമായി നൽകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ നടത്തിയ രാപകൽ സമരം സമാപനത്തിലാണ് ചെന്നിത്തലയുടെ പരാമർശങ്ങൾ. കോർപറേഷൻ ഓഫീസിനു മുമ്പിലെ പ്രദർശന നഗരിയിലാണ് സമരം നടന്നത്.
നവകേരള സദസ്സ് എന്ന ദുരന്തം അവസാനിക്കുന്നതിൽ സന്തോഷമുണ്ട്. കേരളത്തിനൊരു ഗുണവും ഉണ്ടായില്ല. ഇതൊരു രാഷ്ട്രീയ വ്യായാമമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ മുഖ്യമന്ത്രിയാണ് ആഹ്വാനം ചെയ്തത്. കുട്ടികളെ മർദ്ദിക്കാൻ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി മാപ്പുപറയണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ആചാരാനുഷ്‌ഠാനങ്ങളെ തകർക്കാനുള്ള സി.പി.എമ്മിന്‍റെ നീക്കമാണ് പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയതെന്ന് കെ.മുരളിധരൻ എം.പി. കുറ്റപ്പെടുത്തിയിരുന്നു. തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്‍റെ ആറേക്കർ ഭൂമിയാണ് പൂരം പ്രദർശനത്തിനായി വിട്ടുനൽകുന്നത്. കഴിഞ്ഞ വർഷം മുപ്പത്തിയൊൻപതു ലക്ഷം രൂപയായിരുന്നു വാടക. ഇക്കുറി അത്, രണ്ടേക്കാൽ കോടി രൂപയായി വർധിപ്പിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. വാടക തർക്കം തുടങ്ങി എട്ടു മാസമായി കഴിഞ്ഞെങ്കിലും ഇനിയും പരിഹാരമായിട്ടില്ല.