തിരുവനന്തപുരം> ഡൽഹിയിൽ സുർജിത് ഭവനിലെ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പ്രസ്‌താവനയിൽ പറഞ്ഞു. ആശയങ്ങളെയും സംവാദങ്ങളെയും സംഘപരിവാർ ഭയക്കുന്നു എന്നതിന്റെ അടയാളം കൂടിയാണിത്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ഉയരുന്ന ശബ്ദങ്ങളെയെല്ലാം തകർക്കാനാണ് സംഘപരിവാർ നയിക്കുന്ന കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. വിമർശനങ്ങളെ സംഘപരിവാർഭരണകൂടം ഭയക്കുന്നുണ്ട്.
രാജ്യത്തെങ്ങും ഉയർന്നുവരുന്ന സാംസ്കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും കലാകാരൻമാരുടെയും വർഗീയഫാസിസ്റ്റ് വിരുദ്ധ പ്രതിരോധങ്ങളും മുന്നേറ്റങ്ങളും കേന്ദ്രഭരണകൂടത്തെ അലോസരപ്പെടുത്തുന്നതിന്റെ ഭാഗമാണ് സുർജിത്ത്ഭവനിലെ
പൊലീസ് നടപടി. ഫാസിസത്തിന്റെ കാലൊച്ചയാണ് ഡൽഹിയിൽ നിന്നു കേൾക്കുന്നത്.ആശയ സംവാദങ്ങൾക്കെതിരായ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ സർഗാത്മക പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്നും ഇരുവരും പറഞ്ഞു.